ആത്മഹത്യ സമരത്തെ തുടര്‍ന്ന്:എഫ്‌ഐആര്‍

പത്തനാപുരം : പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ പൊലീസ് കേസെടുത്തു. ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്റെ (64) തൂങ്ങിമരണത്തിലാണ്‌ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്.

വര്‍ക്ഷോപ്പ് ആരംഭിക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ എഐഎഫുകാര്‍ കൊടി കുത്തിയ മനോവിഷമത്തിലാണ് ഇദ്ദേഹം തൂങ്ങിമരിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ക്രിമിനല്‍ നടപടി നിയമത്തിലെ 174 ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡ്ഡില്‍ വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്.

സഹായിയെ ഇതിന് അരമണിക്കൂര്‍ മുന്‍പ് ഇയാള്‍ അടുത്തുള്ള കടയിലേക്ക് അയച്ചു. അയാള്‍ തിരികെയെത്തിയപ്പോഴാണ് സുഗതനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. പ്രദേശവാസിയുടെ ഭൂമി പാട്ടത്തിന് എടുത്താണ് ഇദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പ് വര്‍ക്ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്.

നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ആറ് ദിവസം മുന്‍പ് സിപിഐ എഐവൈഎഫ് പ്രവര്‍ത്തകര്‍ ഷെഡ്ഡിന് മുന്നില്‍ കൊടികുത്തി. ഈ ഭൂമി വയലായതിനാല്‍ നിര്‍മ്മാണം അനുവദിക്കില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്.

കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ സ്ഥലത്താണ് സുഗതനും കുടുംബവും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഷെഡ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ പ്രദേശം 2005 ല്‍ തന്നെ മണ്ണിട്ട് നികത്തിയതാണ്.

സമീപത്ത് ഓഡിറ്റോറിയം ഉള്‍പ്പെടെ കെട്ടിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടുമുണ്ട്. എന്നാല്‍ എഐവൈഎഫുകാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ തനിക്കും കുടുംബത്തിനും ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു.

മൂന്നുലക്ഷത്തിലേറെ രൂപ ഷെഡ് നിര്‍മ്മാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലുമെല്ലാം കേറിയിറങ്ങിയിട്ടും സമരക്കാര്‍ പിന്നോക്കം പോയില്ല.

ഇതോടെയാണ് ഇയാള്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. 35 വര്‍ഷം സുഗതന്‍ ഗള്‍ഫിലായിരുന്നു. മക്കളായ സുനില്‍ ബോസ്, സുജിത്ത് എന്നിവരും കുറച്ചുകാലം ഗള്‍ഫില്‍ ജോലിയെടുത്തു.

എന്നാല്‍ ആറുമാസം മുന്‍പ് മൂവരും പ്രവാസം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി സ്വന്തം സംരംഭം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here