കറുത്ത സ്റ്റിക്കറിലെ യാഥാര്‍ത്ഥ്യം ഇതാണ്

കോഴിക്കോട് : സംസ്ഥാനത്ത് വിവിധയിടങ്ങളിലെ വീടുകളുടെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത് ഭീതി വിതച്ചിരുന്നു. മോഷ്ടാക്കളാണ് ഇതിന് പിന്നിലാണെന്നായിരുന്നു പ്രധാന പ്രചരണം.

പകല്‍ നേരങ്ങളില്‍ ആരും കാണാതെ സ്റ്റിക്കറൊട്ടിക്കുകയാണെന്നും അത് സംഘാംഗങ്ങള്‍ക്കുള്ള സിഗ്നല്‍ ആണെന്നുമായിരുന്നു വാദം. അതായത് പ്രസ്തുത വീട് മോഷണയോഗ്യമാണെന്ന് സംഘാംഗങ്ങള്‍ക്ക് സൂചന നല്‍കാനാണ് കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നതെന്നായിരുന്നു പറയപ്പെട്ടത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് കറുത്ത സ്റ്റിക്കറിന് പിന്നിലെന്നും വാദമുണ്ടായി. ചെറിയ കുട്ടികളുള്ള വീടാണെന്ന് സംഘാംഗങ്ങള്‍ക്ക് വിവരം നല്‍കാനുള്ള അടയാളമാണ് സ്റ്റിക്കറെന്നായിരുന്നു പ്രചരണം.

എന്നാല്‍ ഇതൊന്നുമല്ല, ആളുകളില്‍ ഭീതിവിതച്ച് സിസിടിവി ക്യാമറക്കച്ചവടം കൊഴുപ്പിക്കാനുള്ള ഉടമകളുടെ തന്ത്രമാണിതെന്നും പ്രചരിപ്പിക്കപ്പെട്ടു. ഒടുവില്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

ഭീതിജനകമായ സാഹചര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിയമസഭയിലെ പരാമര്‍ശം. എന്നാല്‍ ഏറ്റവും ഒടുവില്‍ പൊലീസ് നല്‍കുന്ന വിശദീകരണം, സംഭവത്തില്‍ നിലവില്‍ ഉയരുന്ന വാദങ്ങളില്‍ നിന്നെല്ലാം വിഭിന്നമാണ്.

ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ജനല്‍ ഗ്ലാസുകള്‍ പൊട്ടാതിരിക്കാന്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കാറുണ്ട്. ഇത് പിന്നീട് ഇളക്കി മാറ്റാന്‍ മറന്നുപോകുന്നതാണെന്നാണ് ഏറ്റവും പുതിയ വാദം. എന്തായാലും ഗ്ലാസ് വ്യാപാരികള്‍ ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്.

പ്രധാനമായും വടക്കന്‍ കേരളത്തിലെ കടകളില്‍ ഗ്ലാസുകള്‍ എത്തുന്നത് ഗുജറാത്തില്‍ നിന്നാണ്. നേരത്തേ വൈക്കോലാണ് ഗ്ലാസുകള്‍ പൊട്ടാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സ്റ്റിക്കറും റബ്ബര്‍ കഷണങ്ങളും ഉപയോഗിക്കുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വിലകുറഞ്ഞ ഡിസൈന്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ ഉണ്ടാകാറുണ്ട്. ഇവയുടെ എണ്ണം മനസ്സിലാക്കാന്‍ വെളുത്ത സ്റ്റിക്കറും പതിപ്പിക്കാറുണ്ടെന്ന് കടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here