നുണപരിശോധനയ്ക്ക് പൊലീസ് നീക്കമാരംഭിച്ചു

കൊച്ചി : പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെന്ന വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് പൊലീസ് നീക്കം. പെണ്‍കുട്ടിയോട് അവസാനമായി ഫോണില്‍ സംസാരിച്ച സുഹൃത്തിന്റെ നുണപരിശോധനയാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.

സുഹൃത്തിനെ പൊലീസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ തുടരന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് നുണപരിശോധനയ്ക്ക് നീക്കം നടത്തുന്നത്.

അതേസമയം ജെസ്‌നയെ ചെന്നൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം അവിടേക്ക് തിരിക്കും.മാര്‍ച്ച് 26 ന് ജെസ്നയെ കണ്ടെന്ന വാദവുമായി ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരനായ ഷണ്‍മുഖനും മലയാളി അലക്സുമാണ് രംഗത്തെത്തിയത്.

തന്റെ കടയിലെത്തിയ ജെസ്ന കോയിന്‍ ബൂത്തില്‍ നിന്ന് ആരെയോ വിളിച്ചതായും തുടര്‍ന്ന് തന്നോട് വഴി ചോദിച്ചെന്നുമാണ് ഷണ്‍മുഖന്റെ വെളിപ്പെടുത്തല്‍. ഈ സമയം മലയാളിയായ അലക്സും കടയിലുണ്ടായിരുന്നു.എന്നാല്‍ പിറ്റേ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് അത് ജെസ്നയാണെന്ന് മനസ്സിലായതെന്നും ഇവര്‍ പറയുന്നു.

ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്നയെ മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. അതേസമയം പല്ലിന് കമ്പിയിട്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടി ദന്ത ഡോക്ടര്‍മാരെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് രാജ്യത്തെ ദന്ത ഡോക്ടര്‍മാര്‍ക്ക് ജെസ്‌നയുടെ ഫോട്ടോയടക്കമുള്ള വിശദാംശങ്ങള്‍ അന്വേഷണസംഘം കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here