‘ഇന്‍വിജിലേറ്ററുടെ തുറിച്ചുനോട്ടത്തിന് ഇരയായി’

പാലക്കാട് : മെറ്റല്‍ ഹുക്കുള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിതയായ,നീറ്റ് പരീക്ഷാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ ഇന്‍വിജിലേറ്റര്‍ക്കെതിരെ കേസെടുത്തു.

പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ പലതവണ മാറിടത്തിലേക്ക് തുറിച്ചുനോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട് കൊപ്പം ലയണ്‍ സ്‌കൂളില്‍ നിരീക്ഷകനായെത്തിയ ആള്‍ക്കെതിരെയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ സിബിഎസ്‌സി റിപ്പോര്‍ട്ട് തേടി. ഇളം നിറത്തില്‍ കൈ നീളം കുറഞ്ഞ ടോപ്പ് ധരിച്ചാണ് പെണ്‍കുട്ടിയെത്തിയത്. ഷോള്‍ പാടില്ലെന്ന് അറിയിച്ചതിനാല്‍ ഇത് മാതാവിനെ ഏല്‍പ്പിച്ചു.

എന്നാല്‍ മെറ്റല്‍ ഹുക്കുള്ളതിനാല്‍ ബ്രാ നീക്കണമെന്നും ആവശ്യപ്പെട്ടു. ലോഹവസ്തുക്കളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കരുതെന്നാണ് നീറ്റിന്റെ ചട്ടം. ഇതോടെ അടിവസ്ത്രം നീക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിതയായി.

ചാക്കുകള്‍ കൊണ്ട് മറയുണ്ടാക്കിയ സ്ഥലത്തുവെച്ചാണ് ഉള്‍വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിതയായത്. തുടര്‍ന്ന് പരീക്ഷാഹാളില്‍ പ്രവേശിച്ചു. എന്നാല്‍ പരീക്ഷയെഴുതിക്കൊണ്ടിരിക്കെ സിബിഎസ്‌സിയുടെ ഒരു പുരുഷ ഇന്‍വിജിലേറ്റര്‍ പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതായാണ് പരാതി.

ഇതേ തുടര്‍ന്ന് ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് മാറിടം മറയ്‌ക്കേണ്ടി വന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ഇവിടെ പരീക്ഷയെഴുതിയ 25 വിദ്യാര്‍ത്ഥിനികളും ഇത്തരം ദുരവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇന്‍വിജിലേറ്റര്‍ക്കെതിരെ ഐപിസി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ സ്ത്രീയെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. എന്നാല്‍ ലൈംഗിക പീഡനക്കുറ്റവും ചുമത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here