മുടി മുറിച്ച് പ്രതിഷേധിച്ച് പെണ്‍കുട്ടി

ലഖ്‌നൗ :ഉന്നാവോ പീഡനക്കേസിന്റെ അലയൊലികളൊടുങ്ങും മുന്‍പേ ഉത്തര്‍പ്രദേശില്‍ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. ലഖ്‌നൗവിലെ പ്രമുഖ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സതീഷ് ശര്‍മ്മയ്‌ക്കെതിരെയാണ് ഒരു ദലിത് പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ച് രംഗത്ത് വന്നത്. സതീഷ് ശര്‍മ്മയുടെ ജൂനിയര്‍ അഭിഭാഷകയാണ് ആരോപണമുന്നയിച്ച പെണ്‍കുട്ടി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സതീഷ് ശര്‍മ്മ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തതായും മാനസികമായി പീഡിപ്പിക്കുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു. തന്റെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പെണ്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയെങ്കിലും ഇദ്ദേഹത്തിന് ഉന്നതങ്ങളിലുള്ള സ്വാധീനം കാരണം നടപടികള്‍ സ്വീകരിക്കുന്നില്ല, ഇനിയും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി ഭീഷണി മുഴക്കി.

ദളിത് സമുദായംഗമായ തന്റെ വീട്ടുകാര്‍ക്ക് നേരെയും ബിജെപി നേതാവ് വധഭീഷണി മുഴക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പ്രതി നേരത്തെ തന്നെ തന്റെ പകുതി മുടി മുറിച്ചതാണെന്ന് പറഞ്ഞ പെണ്‍കുട്ടി ബാക്കി ഭാഗം കൂടി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും മുറിച്ച് കളയുകയായിരുന്നു. പീഡനക്കേസില്‍ ഉന്നാവോ എംഎല്‍എ കുല്‍ദീപ് സിംഗ് സെങര്‍ ജയിലിലായതിന്റെ ക്ഷീണത്തില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വം കരകയറി വരുന്നതിനിടെയാണ് അടുത്ത വിവാദം കൂടി ഉടലെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here