മാഹിയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍

കണ്ണൂര്‍ :മാഹിയില്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ അരങ്ങേറിയത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു ബാബു. രാത്രി പത്തു മണിയോടെ പള്ളൂരില്‍ നിന്നും വീട്ടിലേക്ക് പോകും വഴി പതിയിരുന്ന ആക്രമികള്‍ ബാബുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.

തലയ്ക്കും കഴുത്തിനും വയറിനും മാരകമായി പരിക്കേറ്റ ബാബുവിനെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനിതയാണ് ഭാര്യ, അനുനന്ദ,അനാമിക, അനുപ്രിയ എന്നിവരാണ് മക്കള്‍. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

സമാധാനം നിലനിന്നിരുന്ന കണ്ണൂരില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതുവഴി നടത്തിയിരിക്കുന്നതെന്നും, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചടക്കം അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ബാബുവിന് വെട്ടേറ്റതിന് തൊട്ടു പിന്നാലെ ന്യൂമാഹിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുത്തിരുന്നു. കല്ലായി അങ്ങാടിയില്‍ വീട്ടിലേക്ക് പോകും വഴിയാണ് അര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിനും വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. ദീപയാണ് ഭാര്യ. അഭിനവ് ഏകമകനും.

ഷമേജിന്റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ദാരുണ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ചൊവാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍, മാഹി മേഖലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here