സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ ‘വീര്‍ഗതി’ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ് ഈ ആവശ്യവുമായി സമൂഹ മാധ്യമത്തില്‍ രംഗത്തെത്തിയത്.

ഒരു വീഡിയോ സന്ദേശത്തിലാണ് യുവതി സല്‍മാനോട് സഹായമഭ്യര്‍ത്ഥിക്കുന്നത്. ദീര്‍ഘ കാലമായി ഗോവയിലെ ഒരു കാസിനോ ബാറില്‍ മാനേജരായി ജോലി നോക്കിയിരുന്ന തനിക്ക് 15 ദിവസം മുന്‍പാണ് ക്ഷയ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്.

മുംബൈയിലെ ഒരു സ്വകാര്യ ടി ബി ആശുപത്രിയില്‍ താനിപ്പോള്‍ ചികിത്സയിലാണെന്നും ഒരു കപ്പ് ചായ കുടിക്കാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണ് തനിക്കിപ്പോള്‍ ഉള്ളതെന്നും 52 വയസ്സുകാരിയായ പൂജ പറയുന്നു. ശ്വാസ കോശ സംബന്ധമായ മറ്റൊരു അസുഖവും തന്നെ അലട്ടുന്നുണ്ട്.

രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് താന്‍ പല തവണ താങ്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ സാധിച്ചില്ലെന്നും പൂജ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമത്തില്‍ കൂടി ഇത്തരത്തിലൊരു ശ്രമം നടത്തിയത്, സല്‍മാന്‍ വിവരം അറിഞ്ഞ് കഴിഞ്ഞാല്‍ തീര്‍ച്ചയായും തന്നെ സഹായിക്കാന്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും പൂജ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here