രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ വൈദ്യുതി മുടക്കി

ഭോപ്പാല്‍: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൈദ്യൂതി ബന്ധം വിച്ഛേദിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം. കടുത്ത വേനലില്‍ വൈദ്യൂതി ബന്ധം വിച്ഛേദിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ് ബദല്‍ മാര്‍ഗം തേടി തടിയൂരി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലുള്ള ജനങ്ങളെ 24 മണിക്കൂറിലധികം ഇരുട്ടിലാക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

രാജ്‌നാഥ് സിങ്ങിന്റെ ഹെലികോപ്ടറിന് പറന്നിറങ്ങാന്‍ വൈദ്യുതി മുടക്കണമെന്നായിരുന്നു കാരണമായി പറഞ്ഞത്. ഉദ്ഘാടന വേദി സത്‌നയില്‍ നിന്നും അകലെയാണ്. ഇതിന്റെ ഭാഗമായി സത്‌നയില്‍ വിമാനമിറങ്ങി അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഉദ്ഘാടന പ്രദേശത്തേയ്ക്ക് നീങ്ങാനായിരുന്നു പരിപാടി. ഹെലികോപ്റ്ററിന്റെ സുരക്ഷിതമായ ലാന്‍ഡിങിന് തടസം ഒഴിവാക്കാന്‍ അതിലുടെ കടന്നുപോകുന്ന ഉയര്‍ന്ന വൈദ്യുതി പ്രവാഹമുളള രണ്ട് ലൈനുകള്‍ വിച്ഛേദിക്കുകയായിരുന്നു അധികൃതര്‍.

സംഭവം അറിഞ്ഞ രോഷാകുലരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. എന്നാല്‍ 40 ഡിഗ്രി താപനിലയുള്ള സത്‌നയിലെ നിവാസികള്‍ക്ക് ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കം താങ്ങാന്‍ പറ്റുമായിരുന്നില്ല. ഇതോടെ അവര്‍ പ്രതിഷേധത്തിനിറങ്ങുകയും പ്രശ്‌നം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. 12 മണിക്കൂര്‍ നേരം ജനങ്ങള്‍ ഇരുട്ടിലായി.

പിന്നാലെ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് രാജ്‌നാഥ് സിങ് റോഡുമാര്‍ഗം ഉദ്ഘാടന സ്ഥലത്തേയ്ക്ക് പോയി. ഹെലികോപ്റ്ററിനെ അപേക്ഷിച്ച് റോഡ് മാര്‍ഗമുളള യാത്രയില്‍ 20 മിനിറ്റ് അധികം ചെലവഴിക്കേണ്ടി വന്നു എന്നുമാത്രം. സംസ്ഥാനത്ത് വിഐപി വരവിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ഇതിനു മുന്‍പും ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി ആക്ഷേപമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനോടനുബന്ധിച്ച് സ്റ്റേജ് നിര്‍മ്മിക്കാന്‍ തന്റെ ഗോതമ്പുപാടം നികത്തേണ്ടിവരികയും വലിയ നഷ്ടമുണ്ടാവുകയും ചെയ്‌തെന്ന ആരോപണവുമായി മദ്ധ്യപ്രദേശിലെ ഒരു കര്‍ഷകന്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here