ദേശീയഗാനത്തെ ബിജെപി അനാദരിച്ചു ;രാഹുല്‍ ഗാന്ധി

ബംഗലൂരു :ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസ വോട്ടിന് തൊട്ടു മുന്‍പ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും മറ്റു ബിജെപി നേതാക്കന്‍മാര്‍ക്കും എതിരെയായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ സാധിച്ചതില്‍ താന്‍ അതിയായി അഭിമാനിക്കുന്നതായി രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയോട് കൂടിയാണ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയതെന്ന് ആരോപിച്ച രാഹുല്‍ അഴിമതിക്കെതിരായുള്ള പോരാട്ടമെന്ന മോദിയുടെ ആശയം എത്ര മാത്രം കള്ളമാണെന്ന് ഇതിലൂടെ തെളിഞ്ഞതായും ആരോപിച്ചു.

സഭയിലെ നടപടികള്‍ക്ക് ശേഷം ബിജെപി എംഎല്‍എമാരും സ്പീക്കറും ദേശീയ ഗാനം കഴിയാന്‍ പോലും കാത്തു നില്‍ക്കാതെയാണ് സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇത് അവരുടെ രാജ്യ സ്‌നേഹം എത്രയുണ്ടെന്നതിന് തെളിവാണെന്ന് രാഹുല്‍ ആരോപിച്ചു. നേരത്തെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജൂഭായി വാലയും വേദിയില്‍ നിന്നും ഇറങ്ങി അലക്ഷ്യമായി നടക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജെപി എംഎല്‍എമാര്‍ക്കെതിരേയും ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ പ്രതിപക്ഷ സഖ്യമുണ്ടാക്കണം, അതിനായാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയല്ല ഇന്ത്യയില്‍ വലുതെന്നും ജനങ്ങളാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് :ANI

LEAVE A REPLY

Please enter your comment!
Please enter your name here