ഗര്‍ഭിണി ആശുപത്രിയില്‍ നിന്നും ഒളിച്ചോടി

തിരുവനന്തപുരം :നിറവയറുമായി ലേബര്‍ റൂമില്‍ നിന്നും യുവതി ഒളിച്ചോടി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ 21 വയസ്സുകാരി ഷംനയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ലേബര്‍ റൂമില്‍ നിന്നും കാണാതായത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഷംന എറണാകുളത്തെത്തിയെന്ന വിവരം ലഭിച്ചതും ബന്ധുക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്നാല്‍ യുവതിയെ ഇനിയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ചൊവാഴ്ച്ച പകല്‍ 11.30 ഓടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പ്രസവ തീയ്യതി അടുത്തതിനെ തുടര്‍ന്നായിരുന്നു ഷംനയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിട്ടും ഷംന ലേബര്‍ റുമില്‍ നിന്നും പുറത്ത് വരാത്തതിനെ ചൊല്ലി ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരോട് സംശയം പ്രകടിപ്പിച്ചപ്പോഴാണ് യുവതി മുങ്ങിയ കാര്യം ഏവര്‍ക്കും വ്യക്തമാവുന്നത്. തുടര്‍ന്ന് ആശുപത്രി പരിസരമടക്കം തിരച്ചില്‍ നടത്തിയെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയുടെ ഫോണും ഓഫായിരുന്നു.

വൈകീട്ടോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും ഒന്നും സംസാരിച്ചില്ല. കുറച്ച് സമയം കഴിഞ്ഞ് 5.30 ഓടെ മറ്റൊരു ബന്ധുവിനെ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഫോണ്‍ ലൊക്കേഷന്‍ നോക്കിയ പൊലീസ് ഞെട്ടി. കൊച്ചിയില്‍ നിന്നായിരുന്നു യുവതി ഫോണ്‍ വിളിച്ചത്. മണിക്കൂറുകള്‍ക്കകം ഷംന കൊച്ചിയിലെത്തിയതെങ്ങനെയെന്ന ചോദ്യം പൊലീസിനെയും ബന്ധുക്കളെയും ഒരു പോലെ കുഴയ്ക്കുന്നുണ്ട്. ഷംനയെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here