പ്രിയയോട് ഋഷി കപൂര്‍ ചോദിക്കുന്നു

മുംബൈ : സമാനതകളില്ലാത്ത രീതിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഗാനമാണ് ‘മാണിക്യ മലരായ പൂവി’. ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഈ ഗാനം രാജ്യം വിട്ട് മറുനാട്ടിലും തരംഗമായി.

ഇന്റര്‍നെറ്റില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇപ്പോഴും മുന്നേറുന്നു. പിഎംഎ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഗാനം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ആലാപന മികവ് കൂടിയായപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി. എന്നാല്‍ ഗാനത്തിന് ഇത്രമേല്‍ ജനപ്രിയത നല്‍കിയത് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ ഭാവ പ്രകടനങ്ങളാണ്.

അതിമനോഹരമായ പുരികമുയര്‍ത്തലും ഒറ്റക്കണ്ണിറുക്കലും വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന തരത്തില്‍ പ്രേക്ഷകരെ വലിച്ചടുപ്പിച്ചു. ഇതോടെ ഒരാഴ്ച കൊണ്ട് 23 ദശലക്ഷം കാഴ്ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുണ്ടായത്.

ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന താരമായി പ്രിയ വാര്യര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. ഇതുവരെ കേവലം 87 പോസ്റ്റുകള്‍ മാത്രമുള്ള പ്രിയയ്ക്ക് 3.7 ദശലക്ഷം അനുഗാമികളുണ്ട് ഇന്‍സ്റ്റഗ്രാമില്‍.

സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലുമില്ലാതിരുന്ന പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ സല്‍മാനെയും അനുഷ്‌ക ഷെട്ടിയെയും ലോകസുന്ദരി മാനുഷി ഛില്ലറിനെയും മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അഭിനയിച്ച ചിത്രം ഇറങ്ങുംമുന്‍പാണ് പ്രിയ ഈ നേട്ടം കൈവരിച്ചത്. അനുദിനം ആരാധകര്‍ ഏറിവരുമ്പോള്‍ അക്കൂട്ടത്തില്‍ രാജ്യത്തെ ഒരു പ്രമുഖ നടന്‍ കൂടി ഇടംപിടിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ ഋഷി കപൂറാണ്.

പ്രിയയുടെ ആരാധകനായി മാറി എന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ അതുല്യ നടന്‍ അവളെ വാഴ്ത്താനും മറന്നില്ല. ‘ഈ പെണ്‍കുട്ടിക്ക് വലിയ താരപദവി ഞാന്‍ പ്രവചിക്കുന്നു. ആ ഭാവ പ്രകടനം, ശൃംഗാര-ലാസ്യവിലാസ ചേഷ്ടകളും നിഷ്‌കളങ്കതയും ചേര്‍ന്നതാണ്.

സമപ്രായക്കാര്‍ക്കിടയില്‍ ഏറ്റവും മികച്ചതും വേറിട്ടതുമായ പ്രകടനത്തിന് ഉടമയാണ് പ്രിയ. ദൈവം അനുഗ്രഹിക്കട്ടെ.. നന്‍മകള്‍ നേരുന്നു. എന്തുകൊണ്ട് എന്റെ സമയത്ത് നിങ്ങള്‍ വന്നില്ലെന്ന് ഹിന്ദിയില്‍ ചോദിച്ചുമാണ് ഋഷികപൂര്‍ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

പ്രിയവാര്യര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രശംസയാണ് ഋഷിയില്‍ നിന്നുണ്ടായിരിക്കുന്നത്. 27 വര്‍ഷത്തിന് ശേഷം അമിതാഭ് ബച്ചനൊത്ത് 102 നോട്ട് ഔട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ഋഷി കപൂര്‍ ഇപ്പോള്‍.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here