പബ്ലിക് മുവീസ് ഫെബ്രു: 12 ന് മിഴിതുറക്കും

ബംഗളൂരു : കന്നഡയുടെ വാര്‍ത്താ ഭാവുകത്വമായ പബ്ലിക് ടിവി കുടുംബത്തില്‍ നിന്നും ഒരു ചാനല്‍ കൂടി പ്രേക്ഷകരിലേക്ക്. പബ്ലിക് കോമഡി/മുവീസ് ഈ മാസം 12 ന് സ്വീകരണമുറികളിലേക്ക് മിഴിതുറക്കും. റൈറ്റ്‌മെന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്നാമത്തെ ചാനലാണ് പബ്ലിക് മുവീസ്. പബ്ലിക് ടിവിയുടെ ആറാം വാര്‍ഷിക ദിനത്തിലാണ് പുതിയ ചാനല്‍ സാക്ഷാത്കരിക്കപ്പെടുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കന്നഡ സിനിമയിലെ പ്രമുഖ നടീനടന്‍മാരും അണിയറപ്രവര്‍ത്തകരും സന്നിഹിതരാകും. പബ്ലിക് ടിവി, പബ്ലിക് മ്യൂസിക് എന്നിവയാണ് റൈറ്റ്‌മെന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മറ്റ് രണ്ട് ചാനലുകള്‍. 2014 സെപ്റ്റംബര്‍ 28 നാണ് പബ്ലിക് മ്യൂസിക് പിറവിയെടുത്തത്. കുറഞ്ഞനാളുകള്‍ കൊണ്ടുതന്നെ ഇരു ചാനലുകളും പ്രേക്ഷകമനം കവര്‍ന്നത് ചരിത്രം.

ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എച്ച് ആര്‍ രംഗനാഥന്‍, സിഇഒ അരുണ്‍കുമാര്‍, സിഒഒ സി കെ ഹരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പബ്ലിക് മുവീസ് ടെസ്റ്റ് സിഗ്നലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഈ മാസം 16 മുതല്‍ പബ്ലിക് മുവീസിലൂടെ ഇടതടവില്ലാതെ ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനാകും.

ഡിജിറ്റല്‍ മാധ്യമരംഗത്തും പബ്ലിക് ടിവി ശ്രദ്ധേയ സാന്നിധ്യമാണ്. കന്നഡ, മലയാളം, തെലുഗു,തമിഴ് ഭാഷകളില്‍ ഡിജിറ്റല്‍ മീഡിയ സജീവമായി മുന്നേറുന്നു. നവമാധ്യമ രംഗത്ത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് കൂടി ചുവടുവെപ്പിന് ഒരുങ്ങുകയാണ് പബ്ലിക് ടിവി.

LEAVE A REPLY

Please enter your comment!
Please enter your name here