ഐസിയുവില്‍ ആള്‍ദൈവത്തിന്റെ പൂജ

മുംബൈ: ഡോക്ടറുടെ സാന്നിധ്യത്തില്‍ ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്റെ പ്രത്യേക പൂജ. ആള്‍ദൈവം ഐസിയുവില്‍ പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൂജ ചെയ്തതിന്റെ അടുത്ത ദിവസം രോഗി മരിച്ചതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ വെട്ടിലായത് ഡോക്ടറാണ്. പൂനെയില്‍ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലാണ് സംഭവം.

ഇരുപത്തിയഞ്ചുകാരിയായ സന്ധ്യാ ഗണേശിന് വേണ്ടിയാണ് ഐസിയുവില്‍ പൂജ നടത്തിയത്. പൂനെയിലെ സ്വര്‍ഗേറ്റിനടുത്ത് ക്ലിനിക് നടത്തുന്ന ഡോ. ചവാന്റെ ചികിത്സയിലായിരുന്നു സന്ധ്യ.

സ്തനത്തില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്നാണ് സന്ധ്യ ഡോക്ടര്‍ക്കരികിലെത്തിയത്. പരിശോധിച്ച ഡോക്ടര്‍ സന്ധ്യയോട് ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് പൂനെയിലെ പ്രമുഖ ആശുപത്രിയായ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഫെബ്രുവരി 21നാണ് സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സന്ധ്യയുടെ നില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. മാര്‍ച്ച് 11ന് ഡോ. ചവാന്‍ ഒരു ആള്‍ദൈവത്തെ സന്ധ്യ കിടന്നിരുന്ന ഐസിയുവില്‍ കൊണ്ടു വരികയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കളിലൊരാള്‍ പകര്‍ത്തി. അതേസമയം പൂജ നടത്തിയതിന്റെ അടുത്ത ദിവസം സന്ധ്യ മരിച്ചു. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഡോ. ചവാന്‍ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലെ ഡോക്ടറല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here