സാരിയുടുത്ത് യുവതിയുടെ ആകാശ പ്രകടനം

പൂനെ :ആത്മവിശ്വാസം കൈമുതലാക്കി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന നിരവധി പേര്‍ ഈ ലോകത്തുണ്ട്. തന്റെ നേട്ടങ്ങളോടൊപ്പം ജനിച്ച നാടിന്റെ പേരും ചേര്‍ത്ത് വെക്കപ്പെടണം എന്ന് ചിന്തിക്കുന്നവരാണ് ഇവരില്‍ ഏവരും.

അത്തരത്തില്‍ സ്വന്തം നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ പെരുമ വാനോളം ഉയര്‍ത്തിയ ഇന്ത്യക്കാരിയാണ് ശീതള്‍ മഹാജന്‍ റാണെ. ഏറ്റവുമൊടുവിലായി സാരിയുടുത്ത് കൊണ്ട് സ്‌കൈ ഡൈവ് നടത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ വനിത.തായ്‌ലന്റിലെ പട്ടായയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സാരിയുടുത്ത് കൊണ്ട് 13,000 അടി ഉയരത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തി ഈ 35 കാരി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഒരു ചെറിയ കാരണം കൂടിയുണ്ട്.

ഇത്ര കാലവും താന്‍ ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കി. എന്നാല്‍ താന്‍ ഉള്‍പ്പെടുന്ന മറാത്തി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മറാത്തി സമുദായ ആഘോഷങ്ങള്‍ കഴിഞ്ഞ മാസമാണ് നടന്നത്. അപ്പോഴാണ് താന്‍ സമുദായത്തിന് വേണ്ടി ഇതുവരെയായും ഒന്നും ചെയ്തില്ലല്ലോ എന്ന കാര്യം യുവതി ഓര്‍ത്തത്. ഇത് ശീതളിനെ ഏറെ വേദനിപ്പിച്ചു.

ഇതിനെ തുടര്‍ന്നാണ് സാരിയുടുത്ത് സ്‌കൈ ഡൈവിംഗ് നടത്തുക എന്ന ആശയം മനസ്സിലേക്ക് വന്നത്. ഈ പുതിയ നേട്ടം പൂനെയിലെ തന്റെ മറാത്ത സമുദായംഗങ്ങള്‍ക്കാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്.സ്‌കൈ ഡൈവിംഗ് മേഖലയില്‍ ഇന്ത്യയുടെ അഭിമാനമാണ് ഈ പൂനെ സ്വദേശിനി. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും പാരച്ച്യൂട്ട് ജംബ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡ് ഈ ഇന്ത്യക്കാരിയുടെ കൈകളിലാണ്.

ഇത് കൂടാതെ സ്‌കൈ ഡൈവിംഗില്‍ 17 ദേശീയ റെക്കോര്‍ഡുകള്‍, 6 ലോക റിക്കോര്‍ഡുകള്‍ എന്നിവയും ശീതളിന് സ്വന്തം. 2011 ല്‍ രാജ്യം ഇവര്‍ക്ക് പത്മശ്രി നല്‍കി ആദരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here