നിയമനം ടോസ് ഇട്ട് ; മന്ത്രി വിവാദത്തില്‍

ചണ്ഡിഗഡ് :ഉദ്യോഗാര്‍ത്ഥികളെ ടോസ്് ചെയ്ത് നിയമിച്ച മന്ത്രി വിവാദത്തില്‍. പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ചരണ്‍ജിത്ത് സിങ് ചന്നിയാണ് ഒഴിവ് വന്ന പോസ്റ്റിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ഉദ്യോഗാര്‍ത്ഥികളെ നാണയം കൊണ്ട് ടോസ് ചെയ്ത് തിരഞ്ഞെടുത്ത് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ചൊവാഴ്ചയാണ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയാകുന്നത്.  പട്യാലയിലെ സര്‍ക്കാര്‍ പോളി ടെക്‌നിക്ക് ഇന്‍സറ്റിട്ട്യൂട്ടിലെ ലക്ചറര്‍ പോസ്റ്റിലേക്കുള്ള ഒരു ഒഴിവിലേക്ക് രണ്ട് ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി നാമനിര്‍ദ്ദേശം ചെയ്തതോടെയാണ് മന്ത്രി കുടുക്കില്‍പ്പെട്ടത്.

ഒരു ഉദ്യോഗാര്‍ത്ഥിക്ക് പ്രവൃത്തി പരിചയം കൂടുതലും രണ്ടാമത്തെയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കൂടുതലുമായിരുന്നു, ഇതിനെ തുടര്‍ന്ന് എന്ത് തീരുമാനമെടുക്കണമെന്നറിയാതെ ഉദ്യോഗസ്ഥരും കുഴങ്ങി.

അപേക്ഷകര്‍ തന്നെയാണ് മന്ത്രി തന്നെ ഉചിതമായ തീരുമാനമെടുക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഓഫീസില്‍ രണ്ട് അപേക്ഷകരും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ചാണ് ഒരു നാണയം ഉപയോഗിച്ച് ടോസ് ഇട്ട് മന്ത്രി ലക്ചററെ തിരഞ്ഞെടുത്തു.

സംഭവം വിവാദമായതിന് പിന്നാലെ ബിജെപിയും പ്രതിപക്ഷ കക്ഷികളും ചന്നിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ കാര്യങ്ങള്‍ എല്ലാം സുതാര്യത വരുത്താന്‍ വേണ്ടിയാണ് താന്‍ അപ്രകാരം ചെയ്തതെന്നാണ് മന്ത്രിയുടെ നിലപാട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here