സൈനികാഭ്യാസത്തില്‍ ഒന്നിച്ച് സൗദിയും ഖത്തറും

റിയാദ് : സൗദി ഖത്തര്‍ പോര് തുടരുമ്പോഴും ഇരുരാജ്യങ്ങളും സംയുക്ത സൈനിക പ്രദര്‍ശനത്തില്‍ ഒന്നിച്ചു. സൗദിയില്‍ ഇക്കഴിഞ്ഞയിടെ നടന്ന ഗള്‍ഫ് ഷീല്‍ഡ് വണ്‍ സൈനിക ശക്തിപ്രകടനത്തില്‍ ഖത്തറിന്റെ സായുധ സൈന്യവും അണിനിരക്കുകയായിരുന്നു.

ഖത്തര്‍ സൈന്യമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ജുബൈയില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 16 വരെയായിരുന്നു സൈനിക ശക്തിപ്രകടനം. ബ്രിഗേഡിയര്‍ ഖാമിസ് മുഹമ്മദ് ഡെബ്ലാന്റെ നേതൃത്വത്തിലുള്ള ഖത്തറി സായുധ സേനയാണ് ഇതില്‍ അണിനിരന്നത്.

25 രാജ്യങ്ങളില്‍ നിന്നുള്ള സൈനികസംഘങ്ങള്‍ ഈ പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദിയില്‍ നിന്ന് ഉപരോധം നേരിടുന്ന ഖത്തറും ഡ്രില്ലില്‍ പങ്കെടുക്കുകയായിരുന്നു.

ഖത്തര്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖനേം അല്‍ ഖനിം തിങ്കളാഴ്ച ഗള്‍ഫ് ഷീല്‍ഡ് വണ്ണിന്റെ സമാപനത്തില്‍ സന്നിഹിതനായിരുന്നു. സൗദി സേനാമേധാവി ജനറല്‍ ഫയ്യദ് അല്‍ റുവൈലിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഖനേം അല്‍ ഖനിം ഇതില്‍ പങ്കെടുത്തതെന്ന് ഖത്തര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സൗദി രാജാവ് സല്‍മാന്‍ അടക്കം ഇതേ വേദിയിലുണ്ടായിരുന്നു. 11 മാസമായി സൗദിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ ഖത്തറിനോട് ഉപരോധം തുടരുകയാണ്. സൗദി അറേബ്യ, യുഎഇ, ബഹറിന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങളെല്ലാം അറുത്തുമാറ്റിയത്.

ഖത്തറിനോട് ഒരയവും ഉണ്ടാകില്ലെന്ന സൗദി നിലപാട് തുടരുന്നതിനിടെ സൈനിക പ്രദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒന്നിച്ചത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here