ഉപരോധത്തിന് തിരിച്ചടിച്ച് ഖത്തര്‍

ദോഹ : ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ നിരോധിച്ചു. സൗദി, യുഎഇ, ഈജിപ്റ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ഖത്തര്‍ ഭരണകൂടം വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഉത്തരവ് അക്ഷരം പ്രതി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുമുണ്ട്. ഖത്തര്‍ സാമ്പത്തിക മന്ത്രാലയമാണ് നിര്‍ണ്ണായക നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സൗദിയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങള്‍ മൂന്നാമതൊരു രാജ്യം വഴിയെത്തുന്നതിനും ഖത്തര്‍ തടയിടുന്നു. അങ്ങനെയെത്തുന്ന ഉല്‍പ്പന്നങ്ങളും സ്വീകരിക്കേണ്ടതില്ലെന്നാണ് നിലപാട്.

ഉപഭോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിയേല്‍പ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് വ്യക്തം.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഒരുവര്‍ഷം മുന്‍പ് ഉപരോധമേര്‍പ്പെടുത്തിയത്. മേഖലയില്‍ ഖത്തര്‍ തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

എന്നാല്‍ അയല്‍രാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച് ഖത്തര്‍ വളര്‍ച്ചാ രംഗത്ത് കുതിപ്പുണ്ടാക്കിയെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു.

ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പദ് വ്യവസ്ഥ ഭദ്രവും ദൃഢവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രാജ്യം മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതും ഖത്തറിന് ആത്മവിശ്വാസമേകുന്നു. സമ്പദ് വ്യവസ്ഥയെ കരുപ്പിടിപ്പിക്കാനുള്ള അവസരമായാണ് ഖത്തര്‍,ഉപരോധത്തെ ഉപയോഗപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നിടുകയാണ് ചെയ്തത്. വ്യാപാര ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ആഭ്യന്തര പാല്‍, ഇറച്ചി ഉള്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചു.

ഈ രണ്ട് മേഖലയിലും കുതിപ്പുണ്ടാക്കാനായി. സൗദി വഴിമുടക്കിയതോടെ തുര്‍ക്കി, ഇറാന്‍,ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കി.

ഇത് ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കിടയാക്കി. കൂടാതെ കടപ്പത്രങ്ങളിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here