കടപ്പത്രമിറക്കി പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍

ഖത്തര്‍ : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉപരോധം നേരിടുന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി വിദേശ വായ്പയിലൂടെ മറികടക്കാന്‍ ഖത്തര്‍. വ്യാഴാഴ്ച കടപ്പത്ര വിതരണത്തിലൂടെ 12 ബില്യണ്‍ ഡോളര്‍ ഖത്തര്‍ സ്വരുക്കൂട്ടി. ( കടപ്പത്രം- ഓഹരിമൂലധനം വര്‍ധിപ്പിക്കാതെ തന്നെ ആവശ്യമായ ധനം സ്വരൂപിക്കാനുള്ള മാര്‍ഗം).

സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വിഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍, മേഖലയില്‍ തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

ഖത്തര്‍ ഇറാന് സഹായം നല്‍കുന്നത് സൗദിയെ ചൊടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച ഭിന്നതയാണ് മറ്റുരാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുന്നതിലേക്കെത്തിയത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിയിട്ടുണ്ട്.

സൗദിയും ഖത്തറും തമ്മില്‍ സാമ്പത്തിക രംഗത്ത് രൂക്ഷമായ കിടമത്സരം അരങ്ങേറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു രണ്ട് രാജ്യങ്ങളുടെയും കടപ്പത്ര വിതരണങ്ങള്‍.

ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഖത്തറിന് മുന്‍പേ ചൊവ്വാഴ്ച ബോണ്ട് വില്‍പ്പനയിലൂടെ സൗദി 11 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഖത്തറിന് മുന്‍പേ സൗദി കടപ്പത്രത്തിലൂടെ നിക്ഷേപം സ്വരൂപിച്ചത് അന്താരാഷ്ട്ര ബാങ്കുകളെ തങ്ങളുമായി സഹകരിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഖത്തര്‍ ആരോപിക്കുന്നത്.

53 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആവശ്യക്കാരുണ്ടെന്നും എന്നാല്‍ തങ്ങള്‍ 12 ബില്യണ്‍ ഡോളറായി പരിധി നിശ്ചയിക്കുകയുമായിരുന്നുവെന്നും ഖത്തര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

ഏഷ്യ, യൂറോപ്പ് ,അമേരിക്ക എന്നിവിടങ്ങളില്‍നിന്നെല്ലാം കടപ്പത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. 2016 ല്‍ 9 ബില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ ഖത്തര്‍ സമാഹരിച്ചിരുന്നു. 2017 ല്‍ അത് 8 ബില്യണ്‍ ഡോളറായിരുന്നു ഈ രീതിയിലുള്ള നിക്ഷേപം.

4 രാഷ്ട്രങ്ങളില്‍ നിന്നുള്ള വ്യാപാര ഉപരോധമാണ് ഖത്തര്‍ സമ്പദ് വ്യവസ്ഥയെ ഉലച്ചത്. ഈ രാജ്യങ്ങളിലൂടെയുള്ള വ്യോമഗതാഗതത്തിലടക്കം ഉപരോധമേര്‍പ്പെടുത്തിയതോടെ ഒമാനിലൂടെയും ഇറാനുലൂടെയുമുള്ള പാതകള്‍ ഉപയോഗപ്പെടുത്തി വിവിധ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഖത്തര്‍ നിര്‍ബന്ധിതമായി.

ഇത് ഇറക്കുമതിച്ചിലവ് കുതിച്ചുയരാന്‍ ഇടയാക്കി. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യവസ്തുക്കളാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതും. അതേസമയം 2022 ലോകകപ്പ് ഫുട്‌ബോളിന്റെ വേദി ഖത്തറാണ്.

ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 200 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടതുമുണ്ട്. ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ കയറ്റുമതിയാണ് ഖത്തറിന്റെ പ്രധാന വരുമാനം. ഈ രംഗത്ത് ഏറ്റവും വലിയ വില്‍പ്പനക്കാര്‍ ഖത്തറാണ്.

എന്നാല്‍ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ഉപരോധമടക്കം ഏര്‍പ്പെടുത്തിയതോടെ രാജ്യം സാമ്പത്തിക രംഗത്ത് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഇത് തരണം ചെയ്യാനാണ് വിദേശവായ്പ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here