ഖത്തര്‍ സമ്പദ്‌വ്യവസ്ഥ ഭദ്രമെന്ന് ധനമന്ത്രി

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച് ഖത്തര്‍ വളര്‍ച്ചാ രംഗത്ത് കുതിപ്പുണ്ടാക്കുകയാണെന്ന് ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി. ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ ഭദ്രവും ദൃഢവുമാണ്. രാജ്യം മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും ഷെരീഫ് അല്‍ ഇമാദി, ലണ്ടന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. മേഖലയില്‍ ഖത്തര്‍ തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

സമ്പദ് വ്യവസ്ഥയെ കരുപ്പിടിപ്പിക്കാനുള്ള അവസരമായാണ് ഖത്തര്‍,ഉപരോധത്തെ ഉപയോഗപ്പെടുത്തിയതെന്ന് ധനമന്ത്രി പറയുന്നു. ഉപരോധത്തെ തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നിടുകയാണ് ചെയ്തത്.

വിദേശ കമ്പനികള്‍ക്ക് സ്വദേശികളുടെ സഹകരണം കൂടാതെ സ്വന്തം ഉടമസ്ഥതയില്‍ തന്നെ സ്വതന്ത്രമായി സംരംഭങ്ങള്‍ ആരംഭിക്കാമെന്ന പ്രഖ്യാപനം ഉടനുണ്ടാകും. ഇത് ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കും.

വ്യാപാര ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ആഭ്യന്തര പാല്‍, ഇറച്ചി ഉള്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചു. ഈ രണ്ട് മേഖലയിലും കുതിപ്പുണ്ടാക്കാനായി. സൗദി വഴിമുടക്കിയതോടെ തുര്‍ക്കി, ഇറാന്‍,ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു.

80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇത് ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കിടയാക്കി. കൂടാതെ കടപ്പത്രങ്ങളിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായെന്നും ഷെരീഫ് അല്‍ ഇമാദി വ്യക്തമാക്കി.

ഫലത്തില്‍ ഉപരോധം ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here