ദുബായ് :മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുമ്പോഴും വീണ്ടും പ്രകോപനപരമായ പെരുമാറ്റവുമായി ഖത്തര്‍. കഴിഞ്ഞ ഞായറാഴ്ച യുഎഇ വിമാനത്തിന് ഭീഷണി ഉയര്‍ത്തി ഖത്തര്‍ ഫൈറ്റര്‍ ജെറ്റ് പറത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളും സത്രീകളുമടക്കം യാത്ര ചെയ്തിരുന്ന വിമാനത്തിന് അരികില്‍ കൂടിയായിരുന്നു ഭീഷണി ഉയര്‍ത്തി കൊണ്ടുള്ള ഖത്തര്‍ ഫൈറ്റര്‍ ജെറ്റിന്റെ പറക്കല്‍. നേരത്തെ അനുവദിച്ച് നല്‍കിയിരുന്ന ബഹ്റൈനി എയര്‍ സ്പൈസില്‍ കൂടി പറക്കവെയായിരുന്ന യുഎഇ വിമാനത്തിന് നേരെ ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്.
86 യാത്രക്കാര്‍ ആ സമയം യുഎഇ വിമാനത്തിലുണ്ടായിരുന്നു. യുഎഇ വിമാനത്തിന്റെ 200 മീറ്റര്‍ അടുത്തു കൂടെ ഫൈറ്റര്‍ ജെറ്റ് പറന്ന് ഭീഷണി ഉയര്‍ത്തിയതായാണ് ആരോപണം. മണിക്കൂറില്‍ 2400 കിമീ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മിറാഷ്-2000 ജെറ്റാണ് വിമാനത്തിന് സമീപത്ത് കൂടി പറന്നു നീങ്ങിയത്. വന്‍ അപകടത്തില്‍ നിന്നാണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവത്തില്‍ യുഎഇ വ്യോമയാന അതോറിറ്റി അന്താരാഷ്ട്ര സമിതിക്ക് മുന്നില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് നേരെ ഭീഷണി ഉയര്‍ത്തുന്നത് അത്യന്തം അപലപനീയമാണെന്നും വ്യോമ ഗതാഗത നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഖത്തറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുഎഇ പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.
ഇത് തികഞ്ഞ തീവ്രവാദ നടപടിയാണെന്നും യുഎഇ വ്യോമയാന മന്ത്രാലയം ആരോപിച്ചു. തീവ്രവാദ ശക്തികള്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ സാമ്പത്തിക കാര്യങ്ങളിലടക്കം ഉപരോധം പുറപ്പെടുവിച്ചിരുന്നത്.