സത്താര്‍ നല്‍കിയ ക്വട്ടേഷനെന്ന് അലിഭായ്‌

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ, കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായിയുടെ മൊഴി പുറത്ത്. രാജേഷിനെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലെ മലയാളി വ്യവസായി അബ്ദുള്‍ സത്താറാണെന്ന് ഇയാള്‍ പറഞ്ഞു.

രാജേഷും സത്താറിന്റെ മുന്‍ഭാര്യയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായ് എന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം വസ്ത്രവും ആയുധവും കന്നേറ്റിപ്പാലത്തില്‍ നിന്ന് താഴേക്കിട്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് തെളിവെടുപ്പിനായി സാലിഹിനെ കരുനാഗപ്പള്ളിയിലെത്തിച്ചു.

മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്തി. രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സത്താറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ സത്താര്‍ രാജേഷിനെ കൊലപ്പെടുത്തില്ലെന്നും സംഭവ സമയത്ത് സാലിഹ് ഖത്തറിലുണ്ടെന്നും നൃത്താധ്യാപിക കൂടിയായ യുവതി വ്യക്തമാക്കിയത് പൊലീസിനെ കുഴക്കിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ നേരിട്ടുള്‍പ്പെട്ട ചിലര്‍ കഴിഞ്ഞദിവസം പൊലീസ് പിടിയിലായി.സത്താറിന്റെ ക്വട്ടേഷനാണെന്നും അലിഭായിയുടെ നേതൃത്വത്തിലാണ് കൃത്യം നടത്തിയതെന്നും ഇവര്‍ മൊഴി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here