രാഹുലുമായുള്ള ബന്ധമെന്തെന്ന് വെളിപ്പെടുത്തി അതിഥി

റായ്ബറേലി :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണത്തിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഇതിനിടയിലാണ് രാഹുല്‍ ഗാന്ധിയെ ചുറ്റിപറ്റി ഒരു ഗോസിപ്പ് സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. രാഹുല്‍ ഗാന്ധി വിവാഹിതനാകുവാന്‍ പോകുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പുതിയ സംസാരം.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ യുവ എംഎല്‍എയായ അതിഥി സിങ്ങിനെയാണ് രാഹുല്‍ വിവാഹം കഴിക്കുവാന്‍ പോകുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ അണിയറ സംസാരം. പ്രധാനമായും റായ്ബറേലി മണ്ഡലത്തിനുള്ളിലാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി കണ്ടു വന്നത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് ശേഷം മെയ് അവസാന വാരം വിവാഹം ഉണ്ടാകുമെന്നു വരെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞു പരത്തി.

രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ അടുപ്പക്കാരികളില്‍ ഒരാളാണ് അതിഥി സിങ്. സോണിയാ ഗാന്ധിയോടൊപ്പവും രാഹുലിനൊപ്പവുമുള്ള അതിഥിയുടെ നിരവധി ഫോട്ടോകളും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പല ഫോട്ടോകളും വ്യാജമാണെന്ന് പറഞ്ഞ അതിഥി ഇത്തരം വിവാദങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായും വെളിപ്പെടുത്തി.

രാഹുല്‍ ഗാന്ധി തന്റെ രാഖി സഹോദരനാണെന്ന് വ്യക്തമാക്കിയ അതിഥി ഇത്തരത്തില്‍ വാര്‍ത്തകള്‍ തന്നെ ദുഖിപ്പിക്കുന്നതായും പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അതിഥിയുടെ തുറന്നു പറച്ചില്‍. 29 വയസ്സുകാരിയായ അതിഥി സിങ്ങ് 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ തന്റെ കന്നിയങ്കത്തില്‍ റായ്ബറേലി മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയത്. റായ്ബറേലിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അതിഥി.

LEAVE A REPLY

Please enter your comment!
Please enter your name here