രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി.

ഡല്‍ഹിയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് പോയ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. രാഹുലിനൊപ്പം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു. അന്വേഷണം നടത്താന്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടു.

വിമാനം പലതവണ കറങ്ങുകയും ശക്തമായി താഴേക്ക് ഉഴലുകയും ചെയ്‌തെന്നാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഹുബ്ലിയില്‍ ഇറക്കാന്‍ സാധിച്ചതെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ കാലാവസ്ഥ വളരെ ശാന്തമായിരുന്നെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സുരക്ഷാ സൈനികര്‍ ക്യാബിന്‍ ക്യൂവിനെയും രണ്ടു പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

പൈലറ്റുമാര്‍ക്കെതിരെ ഗോകുല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതെന്നും മാന്വല്‍ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.

സംഭവം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ചൈനയില്‍ എത്തിയതിന് പിന്നാലെയാണ് മോദി രാഹുലിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കുക. വോട്ടെണ്ണല്‍ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here