ട്രെയിനില്‍ യുവതിക്ക് സുഖ പ്രസവം

സീതാപുര :ട്രെയിനില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ സീതാപുരയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം . 30 വയസ്സുകാരിയായ സുമന്‍ ദേവിയാണ് ജന്‍ നായക് ട്രെയിനിലെ ബോഗിക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവ തീയ്യതി അടുത്തതിനെ തുടര്‍ന്ന് ഗൊരഖ്പൂരിലെ ആശുപത്രിയില്‍ പോകുവാന്‍ വേണ്ടിയാണ് സുമന്‍ ദേവിയും ഭര്‍ത്താവും തീവണ്ടിയില്‍ കയറിയത്. എന്നാല്‍ വണ്ടി സീതാപുരയില്‍ എത്തുമ്പോഴേക്കും യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഭര്‍ത്താവ് സീതാപുര സ്റ്റേഷനില്‍ ഇറങ്ങി റെയില്‍വേ അധികൃതരെ വിവരമറിയിച്ചു.

ഇതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഓഫീസര്‍ സുരേഷ് യാദവ് ഒരു ഡോക്ടറെ വിളിച്ച് വരുത്തി. ശേഷം വനിതാ കോണ്‍സ്റ്റബളിന്റെയും കൂടി സഹായത്തോടെ ഡോക്ടര്‍ സുമന്‍ ദേവിയുടെ പ്രസവം നടത്തി. നിമിഷ നേരം കൊണ്ടാണ് ഒരു പൊലീസ് ഓഫീസറുടെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റ് പ്രസവ വാര്‍ഡായി മാറിയത്.

ചില വനിതാ യാത്രക്കാരും ഇവരെ പ്രസവ വേളയില്‍ സഹായിച്ചു. പ്രസവ ശേഷം ഉടന്‍ തന്നെ സുമന്‍ ദേവിയേയും കുഞ്ഞിനേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതാദ്യമായല്ല ട്രെയിനില്‍ വെച്ച് പ്രസവം നടക്കുന്നത്. ആറ് മാസം മുന്‍പ് മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ സല്‍മാ ഷൈക്ക് എന്ന 26 വയസ്സുകാരിയും ഇതേ രീതിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here