മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം കൈയടക്കാന്‍; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ജയ്പുര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 2030ല്‍ ഇന്ത്യ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണെന്നാണ് എംഎല്‍എയുടെ ആരോപണം. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാളാണ് വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ്ലീങ്ങള്‍ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മുസ്ലീങ്ങള്‍ നടത്തുന്നത്’, ബന്‍വാരിലാല്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എ വിവാദപരാമര്‍ശം നടത്തിയത്. മുസ്ലീങ്ങള്‍ നിയമനിര്‍മ്മാണ പദവികളിലെത്തിയാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാകും. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളര്‍ച്ച പരിശോധിച്ച ശേഷമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും, അത് പിന്‍വലിക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുസ്ലീങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഹിന്ദുക്കള്‍ നല്‍കുന്ന നികുതിയും ചൂഷണം ചെയ്യുകയണെന്നാരോപിച്ച എംഎല്‍എ, മുസ്ലീം കുടുംബത്തിലെ കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും പറഞ്ഞു. അല്‍വാര്‍ മണ്ഡലത്തില്‍ ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബന്‍വാരിലാലിന്റെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here