സ്വര്‍ണ്ണനിക്ഷേപം 11.48 കോടി ടണ്‍

ജയ്പൂര്‍ : രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണ്ണനിക്ഷേപം. 11.48 കോടി ടണ്‍ സ്വര്‍ണ്ണം രാജസ്ഥാന്റെ ഭൗമാന്തര്‍ ഭാഗത്തുണ്ടെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ലോഹ നിക്ഷേപമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മണ്ണില്‍ സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികളുള്ളതായി ഈ മേഖലയിലെ ഗ്രാമവാസികളാണ് ആദ്യം തിരിച്ചറിയുന്നത്. പലരും കുഴിച്ച് നോക്കുകയും ചെയ്തു. പക്ഷേ ഒന്നും ലഭിച്ചില്ല. ഇക്കാര്യമറിഞ്ഞ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മണ്ണ് ശേഖരിച്ച് പരിശോധിച്ചു.

ഇതോടെയാണ് സ്വര്‍ണ്ണനിക്ഷേപത്തിനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതോടെ വിദഗ്ധസംഘം സര്‍വേ ആരംഭിച്ചു. തുടര്‍ന്ന് ജയ്പൂരിലെ ബന്‍സ്വാര ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍ സ്വര്‍ണ്ണനിക്ഷേപമുണ്ടെന്ന് സ്ഥിരീകരിച്ചു. മഞ്ഞലോഹത്തിന് പുറമെ ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെയുള്ള ധാതുക്കളുടെ വന്‍ ശേഖരവും ഇവിടെയുണ്ട്.

300 മീറ്റര്‍ ആഴത്തിലാണ് സ്വര്‍ണ്ണമുള്ളത്. പക്ഷേ ഇത് ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം നിലവില്‍ ജിയോളജിക്കല്‍ സര്‍വേയുടെ കയ്യിലില്ല. അതിനാല്‍ അത്യാധുനിക ഖനന യന്ത്രങ്ങള്‍ കൊണ്ടുവന്ന് സ്വര്‍ണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

ആദ്യ ഘട്ടത്തില്‍ സ്വര്‍ണ്ണവും ചെമ്പുമാണ് ശേഖരിക്കുക. ശിക്കാറിലും സ്വര്‍ണ്ണനിക്ഷേപമുള്ളതായി സൂചനയുണ്ട്. ബില്വാരയാണ് പരിശോധന തുടരുന്ന മറ്റൊരു കേന്ദ്രം. 3.5 കോടി ടണ്‍ ഈയവും സിങ്കും രാജ്പുര-ദാരിബ ഖനികളിലുണ്ട്.

രാജസ്ഥാനിലാകമാനം 81 കോടി ടണ്‍ ചെമ്പ് നിക്ഷേപമുണ്ടെന്നുമാണ് വിലയിരുത്തല്‍. ഫലത്തില്‍ കര്‍ണാടക, ജാര്‍ഖണ്ഡ് ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി ഇന്ത്യയുടെ സ്വര്‍ണ്ണഖനിയാവുകയാണ് രാജസ്ഥാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here