രാജേഷ് വധത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : യുവഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍ (25), കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം നിഖില്‍ (23) എന്നിവരാണ് പിടിയിലായത്. ഇരുവരും ബിടെക് ബിരുദധാരികളാണ്.

കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള വ്യവസായി സത്താറാണെന്ന് പൊലീസ് പറയുന്നു. ക്രൂരമായ നരഹത്യയ്ക്ക് നേതൃത്വം നല്‍കിയത് അലിഭായ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജേഷിനെ വധിക്കാന്‍ സത്താര്‍ അലിഭായിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. അലിഭായ് ഖത്തറില്‍ ജിംനേഷ്യം പരിശീലകനാണ്. മുന്‍പ് ഓച്ചിറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവാസി വ്യവസായി ഓച്ചിറ തെക്ക് കൊച്ചുമുറി അബ്ദുള്‍ സത്താര്‍ ഖത്തറില്‍വെച്ച് ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ റേഡിയോ ജോക്കിയായി ഖത്തറിലെത്തിയ രാജേഷ് യുവതിയുമായി അടുപ്പത്തിലായി.

സത്താറുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി നീക്കമാരംഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ക്വട്ടേഷന്‍ പണമെത്തിയത് അറസ്റ്റിലായ യാസിം അബൂബക്കറിന്റെ അക്കൗണ്ടിലേക്കാണ്. സാലിഹ് കൊലപാതകം ആസൂത്രണം ചെയ്തു.

സഹായത്തിനായി തന്റെ മുന്‍ ശിഷ്യരായ യാസിമിനെയും നിഖിലിനെയും ഒപ്പം കൂട്ടി. ഇവരാണ് കാര്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് സാലിഹ് നാട്ടിലെത്തി കൊലപാതകം നടത്തി 3 ദിവസം ഇവിടെ തങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ കാഠ്മണ്ഡുവിലേക്കാണ് പോയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here