ആലപ്പുഴയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമെന്ന് സൂചന

ആറ്റിങ്ങല്‍ : യുവഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് വധത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാല്‍ ഇവരിലേക്കെത്താനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

ഖത്തറിലുള്ള ഒരു വനിതാ സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍വെച്ചാണ് ഈ കോഴിക്കോട് സ്വദേശിനിയെ രാജേഷ് പരിചയപ്പെട്ടതെന്നാണ് വിവരം. കൊല്ലം സ്വദേശിയുടെ ഭാര്യയാണ് ഇവര്‍.

യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്റ്റുഡിയോ ഉള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. അതേസമയം രാജേഷിന്റെ ഫോണ്‍ ലോക്കാണ്.

സാങ്കേതിക വിദഗ്ധരെക്കൊണ്ട് ഇത് തുറന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൂടാതെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലുമാണ് പൊലീസ്. രാജേഷിന് പതിനഞ്ചോളം വെട്ടുകളേറ്റിട്ടുണ്ട്. കൂടുതല്‍ വെട്ടുകളും കാലുകള്‍ക്കാണ്.

കൈക്കും വെട്ടേറ്റിട്ടുണ്ട്. അരയ്ക്ക് മുകളില്‍ മറ്റ് ശരീരഭാഗങ്ങളിലൊന്നും മുറിവേറ്റിട്ടില്ല. രക്തം വാര്‍ന്നായിരുന്നു മരണം. പൊലീസ് എത്തിയാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും രാജേഷ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here