കൊലയാളികള്‍ എത്തിയത് ഗള്‍ഫില്‍ നിന്ന്

തിരുവനന്തപുരം : ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. രാജേഷിനെ വധിക്കാന്‍ രണ്ട് പേര്‍ ഗള്‍ഫില്‍ നിന്നാണ് കേരളത്തിലെത്തിയതെന്നാണ് വിവരം.

അക്രമി സംഘത്തിലെ രണ്ട് പേര്‍ ഒരാഴ്ച മുന്‍പ് ഗള്‍ഫില്‍ നിന്ന് എത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ നേരത്തേ കേസുകളില്‍പ്പെട്ടവരാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്വട്ടേഷന്‍ നല്‍കിയ ആളും അക്രമികളും തമ്മില്‍ ബന്ധപ്പെട്ടത് വാട്‌സ്ആപ്പ് വഴിയാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് മുന്‍പും ശേഷവും വാട്‌സ് ആപ്പ് വഴിയായിരിക്കാം സംസാരിച്ചതെന്നാണ് സൂചന.

ഖത്തറിലുള്ള മലയാളി യുവതിയുമായി മൊബൈലില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമണത്തിന് ഇരയായതെന്ന് സുഹൃത്ത് കുട്ടന്‍ മൊഴി നല്‍കിയിരുന്നു. രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പിരിഞ്ഞുകഴിയുകയാണ്.

ഇയാള്‍ക്ക് പങ്കുണ്ടോയെന്നതില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പള്ളിക്കലില്‍ സ്റ്റുഡിയോ ആരംഭിക്കാന്‍ യുവതി രാജേഷിനെ സഹായിച്ചിരുന്നുവെന്നാണ് വിവരം. ഒരു വര്‍ഷം മുന്‍പ് ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കവെയാണ് യുവതിയെ രാജേഷ് പരിചയപ്പെടുന്നത്.

പ്രസ്തുത യുവതിയാണ് രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച് വെട്ടേറ്റകാര്യം അറിയിച്ചത്. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്നുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here