വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

രാംദര്‍ബാര്‍ : 14 കാരനെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ 34 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. ചണ്ഡീഗഡിലെ രാംദര്‍ബാറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സയന്‍സ് അദ്ധ്യാപികയായ ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. 10 ഉം 8 ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ മാതാവാണ് പൊലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രസ്തുത ഹൈസ്‌കൂള്‍ അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും അയല്‍ക്കാരാണ്. ഒരേ സ്‌കൂളിലുമാണ്. ഇരുകുടുംബങ്ങള്‍ക്കും നന്നായി അടുത്തറിയാം.

പത്താം ക്ലാസുകാരനെയും സഹോദരിയെയും മാതാപിതാക്കള്‍ അദ്ധ്യാപികയുടെ അടുത്ത് ട്യൂഷന് അയച്ചു. 2017 സെപ്റ്റംബര്‍ മുതല്‍ ഇരുവരും 34 കാരിയുടെ വീട്ടില്‍ ട്യൂഷന് പോകാറുണ്ട്.

എന്നാല്‍ പെണ്‍കുട്ടിയെ മറ്റെവിടെയെങ്കിലും ട്യൂഷന് അയച്ചാല്‍ മതിയെന്ന് അദ്ധ്യാപിക ഇതിനിടെ മാതാപിതാക്കളെ അറിയിച്ചു. എങ്കില്‍ മാത്രമേ തനിക്ക് പത്താംക്ലാസുകാരനില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാകൂ എന്നായിരുന്നു ടീച്ചറുടെ വാദം.

ഇതുവിശ്വസിച്ച മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മറ്റൊരിടത്തേക്ക് മാറ്റി. ഇതോടെ അദ്ധ്യാപിക പത്താംക്ലാസുകാരനെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. തന്നോട് നിരന്തരം ബന്ധപ്പെടാന്‍ കുട്ടിക്ക് അദ്ധ്യാപിക സിം കാര്‍ഡും എടുത്തുനല്‍കി.

2018 ആരംഭം മുതല്‍ ഇവര്‍ 14 കാരനെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ഫലം വന്നപ്പോള്‍ കുട്ടിക്ക് പ്രതീക്ഷിച്ച ഗ്രേഡുകള്‍ ലഭിച്ചില്ല. ഇതോടെ കുട്ടിയെ ട്യൂഷന് അയയ്ക്കുന്നത് അമ്മയിടപെട്ട് നിര്‍ത്തി.

എന്നാല്‍ ഇത് അദ്ധ്യാപികയ്ക്ക് സഹിക്കാനാകുമായിരുന്നില്ല. കുട്ടിയെ ട്യൂഷന് അയയ്ക്കണമെന്ന് ഏപ്രിലില്‍ ഇവര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് വരാനും നിര്‍ദേശിച്ചു.

അങ്ങനെ വീട്ടിലെത്തിയ കുട്ടിയെ ഇവര്‍ മാതാപിതാക്കളുടെയും തന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും സാന്നിദ്ധ്യത്തില്‍ മുറിയിലിട്ടടച്ചു. വിഷയത്തില്‍ ഇടപെടരുതെന്ന് ഇവര്‍ തന്റെ ഭര്‍ത്താവിനെ വിലക്കുകയും കുട്ടിയോടൊപ്പം ജീവിക്കുമെന്നും പറഞ്ഞു.

ഇതോടെ അയല്‍ക്കാര്‍ വിഷയത്തിലിടപെടുകയും കുട്ടിയെ ഇവരില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കുട്ടിയെയും കൊണ്ട് പാതാപിതാക്കള്‍ മടങ്ങിയെങ്കിലും അദ്ധ്യാപിക അവരെ പിന്‍തുടര്‍ന്ന് വീട്ടിലെത്തി.

ശേഷം അവിടെ കണ്ട കഫ് സിറപ്പ് മുഴുവനായി എടുത്ത് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ച് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് 14 കാരന്റെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here