മോദിക്കും യോഗി ആദിഥ്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

റായ്ബറേലി: തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്നും കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ഉത്തര്‍ പ്രദേശ് സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി പറയുന്നു. കുറ്റവാളികളെ ശിക്ഷിക്കണം, കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണം എന്നിവയാണ് കത്തിലൂടെ 18കാരി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. അങ്കിത് വര്‍മ, ദിവ്യപാണ്ഡെ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി അങ്കിതിന്റെ ലക്‌നൗവിലെ ഫ്‌ളാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു. അതിനിടെ പെണ്‍കുട്ടിയുടെ പേരില്‍ അജ്ഞാതര്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇതോടെ പ്ലസ് വണില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനം നിര്‍ത്തി. ഈ സംഭവത്തിന് പിന്നിലും പാണ്ഡെയും അങ്കിതുമാണെന്നാണ്‌ ഇവരുടെ ആരോപണം. എന്നാല്‍ പ്രതികള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് മറ്റു രണ്ടുപേര്‍ക്കെതിരെ ഒക്ടോബറില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here