ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

ഭോപ്പാല്‍: ബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ച് വയസുകാരി ചോരയിറ്റുന്ന ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആറ് മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയില്‍ പൊതിഞ്ഞ് എസ്പിയുടെ ഓഫീസില്‍ എത്തിയത്.

പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പുറത്തിറങ്ങിയ തന്നെ നീരജ് പാണ്ഡെ എന്നൊരാള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷവും ആറ് മാസത്തോളം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ യുവാവിനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാം എന്ന് നീരജിന്റെ വീട്ടുകാര്‍ വാഗ്ദാനം നല്‍കിയിരുന്നെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ നീരജും കുടുംബവും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. പിന്നീട് വയറ് വേദനയെകുറിച്ച് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് അവള്‍ ഗര്‍ഭിണിയാണെന്ന് തങ്ങള്‍ അറിയുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ആശുപത്രിയില്‍ പോകുന്ന വഴി നീരജും കൂട്ടാളികളും തടഞ്ഞു നിര്‍ത്തി പ്രദേശത്തെ ഒരു ക്ലിനിക്കില്‍ കൊണ്ടു പോയി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതു പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് സംഘം ഭീഷണി മുഴക്കുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷം ഭ്രൂണം ഒരു കവറിലാക്കി വഴിയില്‍ ഉപേക്ഷിക്കാന്‍ ഡോക്ടര്‍ തന്നെ ഇവരുടെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു. പിന്നാലെ ഇവര്‍ നേരെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഭ്രൂണവുമായി പെണ്‍കുട്ടി എസ്പി ഓഫീസിലാണ് എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here