എലി കാരണം വിമാനം 22 മണിക്കൂര്‍ വൈകി

ഷാര്‍ജ : തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട എയര്‍ ഇന്ത്യ വിമാനം 22 മണിക്കൂര്‍ വിമാനത്താവളത്തില്‍ പിടിച്ചിട്ടു. ക്രൂ മെമ്പര്‍മാരിലൊരാള്‍ വിമാനത്തിനുള്ളില്‍ ഒരു എലിയെ കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷാ പരിശോധനകളുടെ ഭാഗമായി വിമാനം പിടിച്ചിട്ടത്.

ഷാര്‍ജയില്‍ നിന്നും വെള്ളിയാഴ്ച അര്‍ദ്ധ രാത്രി 12.05 ന് പുറപ്പെട്ട് തിരുവനന്തപുരത്ത് രാവിലെ 5.40 ന് എത്തേണ്ട AI 968 എന്ന വിമാനമാണ് എലിയെ കണ്ടതിനെ തുടര്‍ന്ന് പുറപ്പെടാന്‍ 22 മണിക്കൂര്‍ വൈകിയത്. ഇത് കാരണം 170 യാത്രക്കാരാണ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തു കെട്ടി കിടക്കേണ്ടി വന്നത്.

എന്ത് കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകുന്നത് എന്നതിനെ കുറിച്ച് യാത്രക്കാരില്‍ ആര്‍ക്കും തന്നെ ഒരു ധാരണയുമുണ്ടായിരുന്നില്ല. സുരക്ഷാ പ്രശ്‌നമാണെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി. എലിയെ കണ്ടതിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ വെച്ച് എലി ഇലക്ട്രിക്ക് വയറുകള്‍ കടിച്ച് മുറിച്ച് കഴിഞ്ഞാല്‍ അവ വന്‍ വിപത്തിലേക്കും വഴി തെളിക്കുമെന്നും ഇത് ഒഴിവാക്കാനാണ് പരിശോധന നടത്തിയതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here