കുഞ്ഞിനെ കയ്യിലേന്തി യുവാവിന്റെ ചാട്ടം

മലേഷ്യ :രണ്ട് വയസ്സുകാരിയായ തന്റെ കുഞ്ഞിനെയും കയ്യിലേന്തി സാഹസിക ചാട്ടം നടത്തിയ റിയാലിറ്റി ഷോ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. മലേഷ്യന്‍ സ്വദേശിയായ റെദാ റോസ്‌ലന്‍ എന്ന യുവാവാണ് തന്റെ രണ്ട് വയസ്സുകാരിയായ മകള്‍ മെകാ മികൈലയുമായി സാഹസിക ചാട്ടം നടത്തി വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള സാഹസിക ചാട്ടങ്ങള്‍ നടത്തുന്നതിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തനാണ് റെദാ റോസ്‌ലന്‍. 1,24,000 പേരാണ് ഇദ്ദേഹത്തെ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. പുറം ഭാഗം കയറുകളാല്‍ ബന്ധിപ്പിച്ചതിന് ശേഷം ഒരു പാലത്തിന് മുകളില്‍ മകളെയും കയ്യില്‍ പിടിച്ചായിരുന്നു റെദായുടെ സാഹസിക ചാട്ടം. ഒരു ഹെല്‍മറ്റ് പോലും കുട്ടിയുടെ തലയില്‍ ധരിപ്പിക്കാതെയായിരുന്നു ഈ സാഹസിക ചാട്ടം.കയര്‍ പുറകോട്ട് വലിക്കുന്നതോട് കൂടി റെദായും മകളും പുറകോട്ടേക്ക് വീണു.

കയറിന്റെ ബന്ധനത്തില്‍ ആഗാധമായ ആഴത്തിനടിയിലുടെ ഒഴുകുന്ന പുഴയുടെ ഭാഗത്തേക്ക് ഇരുവരും നീങ്ങി. അപ്രതീക്ഷിതമായ ഈ നീക്കങ്ങളില്‍ കുട്ടി ഞെട്ടി വിറച്ചു. ചെറുപ്രായത്തില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന ഞെട്ടലുകള്‍ കുട്ടികളുടെ മാനസിക നിലയെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ഇതൊന്നും ചിന്തിക്കാതെയാണ് റെദാ തന്റെ പിഞ്ചു മകളെയും കൊണ്ട് ഈ സാഹസത്തിന് മുതിര്‍ന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് യുവാവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനായി റെദാ പറഞ്ഞ മറുപടിയാണ് വീണ്ടും അമ്പരപ്പിച്ചത്. നിങ്ങളുടെ കുട്ടികള്‍ ഇത്തരം സാഹസികതകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ ചെയ്യാതിരിക്കു, മകളുടെ ഇഷ്ട പ്രകാരമാണ് താന്‍ ഈ പ്രവൃത്തി ചെയ്യിപ്പിച്ചത്. ആരും ഭീഷണിപ്പെടുത്തിയല്ല മകളെ കൊണ്ട് ഇതു ചെയ്യിച്ചത്, വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നതായും റെദാ റോസ്‌ലന്‍ പറയുന്നു. എന്തായാലും റെദായുടെ ഈ പ്രവൃത്തിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചില സാമൂഹ്യ പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here