ഡല്‍ഹി: സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പാര്‍ലമെന്റില്‍ പോലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം രേണുക ചൗധരി രംഗത്തെത്തി. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്കുന്ന ഒരു സംഗതിയാണെന്നും പ്രമുഖ ബോളിവുഡ് കൊറിയോഗ്രാഫറായ സരോജ് ഖാന് പ്രസ്താവിച്ചിരുന്നു.
ഇതിന് മറുപടിയായാണ് രേണുക ഇക്കാര്യം വ്യക്തമാക്കിയത്. കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. അത് ഒരു നഗ്ന സത്യമാണ്. പാര്‍ലമെന്റില്‍ പോലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്. എല്ലാ ജോലി സ്ഥലങ്ങളിലും ഉണ്ട്. മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണിതതെന്നാണ് രേണുക ചൗധരി പ്രതികരിച്ചത്.
രണ്ടായിരത്തിലധികം സിനിമകളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ച ആളാണ് സരോജ് ഖാന്. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. അത് ജീവിത മാര്‍ഗം നല്കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് അവളെ പ്രയോജനപ്പെടുത്തുന്നത്. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു.
ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാറിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്പര്യമില്ലാത്തവര്ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്.
സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുതെന്നുമായിരുന്നു സരോജ് ഖാന്റെ പ്രസ്താവന. സരോജ് ഖാന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അവര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു.