സൗദിക്കെതിരായ യുഎഇ റിപ്പോര്‍ട്ട് പുറത്ത്

ജിദ്ദാ :സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനുള്ളില്‍ അണിയറ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ലെബനീസ് പത്രമായ അല്‍ അക്ബാര്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലെബനനിലുള്ള യുഎഇയുടെയും ജോര്‍ദ്ദാന്റെയും അംബാസിഡര്‍മാര്‍ അതാത് രാജ്യത്തെ സര്‍ക്കാരിന് അയച്ച നയതന്ത്ര രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് അല്‍ അക്ബാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് രേഖകളാണ് പ്രധാനമായും സൗദി-യുഎഇ ബന്ധത്തിലെ വിള്ളലുകള്‍ തുറന്ന് കാണിക്കുന്നത്. ഒന്ന് 2017 സെപ്തംബര്‍ 20 ന് ജോര്‍ദ്ദാന്‍ അംബാസിഡര്‍ സ്വന്തം രാജ്യത്തെക്കയച്ച റിപ്പോര്‍ട്ടാണ്. ലെബനനിലെ ജോര്‍ദ്ദാന്‍ അംബാസിഡറായ നബില്‍ മസര്‍വയും കുവൈത്ത് നയതന്ത്ര പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയുടെ രേഖയായിരുന്നു ഇത്.

യുഎഇ നിലവില്‍ സൗദിയിലെ നീക്കങ്ങളില്‍ അസംതൃപ്തരാണെന്നും സൗദിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അബുദാബി ഭരണാധികാരി ഷൈക്ക് മുഹമ്മദ് ബിന്‍ സയ്യീദ് ആലോചിക്കുന്നതായും കുവൈത്ത് അംബാസിഡര്‍ പറഞ്ഞതായി രേഖയില്‍ പറയുന്നുണ്ട്.

മറ്റൊന്ന് 2017 സെപ്തംബര്‍ 28 ന് ജോര്‍ദ്ദാനിയന്‍ അംബാസിഡറും യുഎഇയുടെ ജോര്‍ദ്ദാന്‍ രാജ്യ പ്രതിനിധിയും നടത്തിയ ചര്‍ച്ചയുടെതാണ്. സൗദിയുടെ നയങ്ങള്‍ ദിവസം കഴിയും തോറും ആഭ്യന്തരമായും വിദേശത്തും തകര്‍ന്ന് കൊണ്ടിരിക്കുന്നതായി യുഎഇ കരുതുന്നതായി രേഖയില്‍ പറയുന്നു. പ്രത്യേകിച്ച് ലെബനിനിലെ സൗദിയുടെ നയങ്ങള്‍ വന്‍ പരാജയമായിരുന്നു.

ഖത്തറിനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും യുനെസ്‌കോ അദ്ധ്യക്ഷ പദവിയിലേക്ക് ഖത്തറിന്റെ പ്രതിനിധിയായ ഹമദ് ബിന്‍ അബ്ദുലാസിസ് അല്‍ ഖാവിരിയെയാണ്  ലെബനന്‍ പിന്തുണച്ചതെന്നും യുഎഇ അംബാസിഡര്‍ പറഞ്ഞതായി രേഖകളില്‍ വ്യക്തമാക്കുന്നു. ഈ കാര്യം ലെബനന്‍ പ്രധാനമന്ത്രി ഹരിരിക്കും അറിയാവുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നവംബറില്‍ ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സൗദി തലസ്ഥാനമായ റിയാദില്‍ വെച്ച് രാജി പ്രഖ്യാപിച്ചിരുന്നു, തനിക്ക് നേരെ ഇറാന്‍ അടക്കമുള്ള സഖ്യ കക്ഷികളില്‍ നിന്നും വധഭീഷണി ഉണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here