ജഡ്ജിയുടെ രാജി തള്ളി ഹൈക്കോടതി

ഹൈദരാബാദ് : മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി. ജഡ്ജിയോട് ഉടന്‍ ജോലിക്ക് ഹാജരാകുവാന്‍ ആന്ധ്രാ പ്രദേശ്-തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയാണ് മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം രാജി സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കോടതിക്ക് കത്ത് നല്‍കിയത്.

വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ജഡ്ജി കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഏപ്രില്‍ 16 ാം തീയ്യതിയായിരുന്നു ഇദ്ദേഹം കേസില്‍ വിധി പറഞ്ഞ് സ്വാമി അസീമാനന്ദയടക്കം കുറ്റാരോപിതരായിരുന്ന മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. ഇതിന് മണിക്കൂറുകള്‍ക്കകമാണ് രാജിക്കത്ത് രവീന്ദര്‍ റെഡ്ഡി ഹൈക്കോടതിക്ക് കൈമാറിയത്. നിരവധി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഈ സംഭവം വഴി വെച്ചതിന് പിന്നാലെയാണ് ജഡ്ജിയുടെ രാജി ആവശ്യം തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.


കേസില്‍ സ്വാമി ആസീമാനന്ദ് ഉള്‍പ്പടെ എട്ട് പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ്മ, ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരായുള്ള വിചാരണയാണ് പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച നടന്നത്. മറ്റ് മൂന്ന് പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം മറ്റു നടപടികളുമായി മുന്നോട്ട് പോവുമെന്ന് നേരത്തെ എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

2007 മെയ് 18 നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച ദിവസമായത് കൊണ്ട് തന്നെ പള്ളിയില്‍ നിറയെ വിശ്വാസികളുമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 9 പേര്‍ മരണപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. 2011 ലാണ് സിബിഐയില്‍ നിന്നും കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസില്‍ 226 സാക്ഷികളെ വിസ്തരിച്ചു. 446 ലധികം രേഖകളും എന്‍ഐഎ വിചാരണ വേളയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here