മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ് സംഭവം. മോഷ്ടാക്കളുടെ അക്രമത്തില്‍ മമത, മകന്‍ അജയ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

ഇരുവരും വാരണാസി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്‍ക്കത്തയ്ക്കും ലഖ്‌നൗവിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന വേനല്‍ക്കാല പ്രത്യേക തീവണ്ടിയില്‍ അസന്‍സോളില്‍ നിന്നും ബറേലിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇരുവരും വാതില്‍പ്പടിയിലാണ് ഇരുന്നിരുന്നത്.

രാത്രിയില്‍ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മമതയുടെ പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെറുത്തപ്പോള്‍ ഇവരെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടുകയുമായിരുന്നു. മമതയും മകനും രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട നാട്ടുകാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഇവരെ വാരണാസിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും നില തൃപ്തികരമാണ്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here