ജീവനോടെയുണ്ടെന്ന് തെളിയിക്കാനാകാതെ 63കാരന്‍

റൊമാനിയ: താന്‍ ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് 63 വയസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി റൊമാനിയ കോടതി തള്ളി. നേരിട്ടെത്തിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. റൊമാനിയയിലാണ് വിചിത്രമായ സംഭവം നടന്നത്.

‘ഞാന്‍ ജീവനോടെയുണ്ട്, പക്ഷേ ഔദ്യോഗിക രേഖകളില്‍ ഞാന്‍ മരിച്ച ആളാണ്. എനിക്ക് വരുമാനം ഒന്നുമില്ല, കാരണം ഞാന്‍ മരിച്ചവരുടെ പട്ടികയിലാണ്, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.” എന്ന് ഹര്‍ജിക്കാരനായ കോണ്‍സ്റ്റാന്റിന്‍ റെലിയു പറയുന്നു.

1992 ലാണ് നൈജീരിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് ജോലി തേടി കോണ്‍സ്റ്റാന്റിന്‍ റെലിയു പോവുന്നത്. വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞതോടെ ഇയാളുമായുള്ള ആശയവിനിമയം നിലച്ചു.

യാതൊരു വിവരവും ലഭിക്കാത്തതോടെ റെലിയു മരിച്ച് പോയെന്ന് തന്നെ ബന്ധുക്കള്‍ കരുതി. തുടര്‍ന്ന് 2016ല്‍ ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ച് തന്റെ ഭര്‍ത്താവിന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു.

എന്നാല്‍, അടുത്തിടെ കാലാവധി കഴിഞ്ഞ യാത്രാ രേഖകളുമായി തുര്‍ക്കി അധികൃതര്‍ ഇയാളെ പിടികൂടി നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. വിമാനമിറങ്ങിയപ്പോള്‍ റെലിയു ആദ്യം കേട്ട വാര്‍ത്ത താന്‍ മരിച്ചു പോയി എന്നാണ്.

തുടര്‍ന്ന് താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും മരിച്ച് പോയെന്ന് സര്‍ക്കാര്‍ രേഖകളില്‍ ഉള്ളതിനാല്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും ആരോപിച്ച് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യയോട് പ്രതികാരം ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് താനെന്നും അവരില്‍ നിന്നും വിവാഹമോചനം നേടിയോ എന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും റെലിയു പറയുന്നു. മരണസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ ഇദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അപ്പീല്‍ നല്‍കാനുള്ള സമയപരിധി കഴിഞ്ഞെന്നും ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്.

വിധി അന്തിമമായതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ് റെലിയു. ഇനിയൊരിക്കലും തുര്‍ക്കിയിലേക്ക് തിരികെപ്പോകാനും സാധിക്കില്ല. എന്തായാലും തന്റെ അവസ്ഥ വിവരിച്ച് തുര്‍ക്കി പ്രസിഡന്റിന് കത്തയക്കാനുള്ള ഒരുക്കത്തിലാണ് റെലിയു.

LEAVE A REPLY

Please enter your comment!
Please enter your name here