ആശുപത്രിയില്‍ കോഴി വേണ്ടെന്ന് മന്ത്രി

പനാജി :രോഗം ഭേദമായാല്‍ മെഡിക്കല്‍ കോളജില്‍ പൂവന്‍ കോഴിയെ സമര്‍പ്പിക്കുന്ന ചടങ്ങ് നിര്‍ത്തലാക്കണമെന്ന് ആശുപത്രി അധികൃതരോട് മന്ത്രി. ഗോവയിലെ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയാണ് അധികൃതരോട് ഈ ആചാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഗോവയിലെ ബമ്പോലിമിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് ഈ വ്യത്യസ്ഥമായ ചികിത്സാ നടപടികള്‍ കാരണം വാര്‍ത്തകളില്‍ നിറയുന്നത്. പ്രദേശത്തെ നാടന്‍ കഥകളില്‍ പ്രചാരത്തിലുള്ള ഒരു ദേവതയെ പ്രീതിപ്പെടുത്താനാണ് രോഗികളുടെ ബന്ധുക്കള്‍ ഇത്തരത്തില്‍ പൂവന്‍ കോഴികളെ ആശുപത്രിക്ക് സംഭാവന ചെയ്യുന്നത്.

ആചാരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമൊക്കെ ചികിത്സയിലായിരുന്ന രോഗി മരിച്ചു കഴിഞ്ഞാലായിരുന്നു ബന്ധുക്കള്‍ ഇപ്രകാരം ചെയ്യാറുണ്ടായിരുന്നത്. ദേവതയെ സന്തോഷിപ്പിച്ചില്ലായെങ്കില്‍ മരിച്ചതിന് ശേഷം രോഗിയുടെ ആത്മാവ് ആശുപത്രി പരിസരങ്ങളില്‍ ബന്ധനസ്ഥരായിപ്പോകും എന്നാണ് പ്രദേശ വാസികളുടെ വിശ്വാസം.

അതുകൊണ്ട് ഈ പൂവന്‍ കോഴിയുടെ ആത്മാവിനെ പകരമായി സ്വീകരിച്ച് മരിച്ച വ്യക്തിയുടെ ആത്മാവിനെ സ്വതന്ത്രമാക്കണമെന്ന് ബന്ധുക്കള്‍ ആശുപത്രി വളപ്പില്‍ വെച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സംഭാവന നല്‍കുക.

പിന്നീട് രോഗം ചികിത്സിച്ച് ഭേദമായി മടങ്ങി പോകുമ്പോഴും ഭക്തര്‍ കോഴിയെ നല്‍കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ആശുപത്രി പരിസരമാകെ ഇപ്പോള്‍ കോഴികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയുടെ ഉള്‍വശവും പുറത്തെ പാര്‍ക്കിംഗ് ഏരിയയും സത്യസായി ബാബയുടെ ആശ്രമവും മൊത്തമായി പൂവന്‍ കോഴികള്‍ കയ്യടിക്കി വെച്ചിരിക്കുകയാണ്.

ഇനി മുതല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും കോഴിയെ സമര്‍പ്പിക്കാന്‍ വരുന്നവരെ തൂക്കി വെളിയിലെറിയാന്‍ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here