രാജ്യത്തെ ഏറ്റവും വലിയ അസാധുനോട്ട് വേട്ട; വീട്ടില്‍ നിന്നും 100 കോടിയുടെ നിരോധിത നോട്ടുകള്‍ കണ്ടെടുത്തു

കാണ്‍പൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജന്‍സിയും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അസാധു നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നോട്ട് വേട്ടയാണ് ഇത്. 500, 1000 രൂപ നോട്ടുകളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ ഒമ്പത് പേരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ അസാധു നോട്ട് ഇടപാടിനെ സംബന്ധിച്ച് വിവരം ലഭിച്ചത്. പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയുടേതടക്കം അഞ്ച് പേരുടെതാണ് പിടിച്ചെടുത്ത നോട്ടുകളെന്ന് എന്‍ഐഎ അറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് എന്‍.ഐ.എ വ്യക്തമാക്കി. അതേസമയം അശോക് ഖാത്രി എന്നയാളുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അശോക് ഖാത്രിയെയും ചില അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here