റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി

പാലക്കാട് : 69 ാം റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. അണ്‍എയ്ഡഡ് സിബിഎസ്‌സി സ്‌കൂളാണിത്.അതേസമയം ഇതേ കോമ്പൗണ്ടില്‍ എയ്ഡഡ് ബിഎഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പ്രിന്‍സിപ്പാളാണ് പതാക ഉയര്‍ത്തിയത്.സംസ്ഥാനത്തെ എയ്ഡഡ് – സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥാപന മേധാവികള്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂവെന്ന് പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.സ്‌കൂളുകള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഏതു തരത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടതെന്ന് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റ് 15 ന് മോഹന്‍ ഭാഗവത് പാലക്കാട് മൂത്തന്‍തറ കര്‍ണ്ണകി അമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അതത് സ്ഥാപന മേലധികാരികളേ പതാക ഉയര്‍ത്താന്‍ പാടുള്ളൂവെന്ന സര്‍ക്കാരിന്റെ ഉത്തരവ് കാറ്റില്‍പ്പറത്തുകയായിരുന്നു അന്ന്.അത്തരത്തില്‍ പരിപാടി നടത്താന്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം തലേന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല.കൂടാതെ എന്ത് വിലകൊടുത്തും താന്‍ പതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് മേധാവി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പരിപാടി തടയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പായതുമില്ല.കൂടാതെ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരമാണ് മോഹന്‍ ഭാഗവത് ആലപിച്ചത്. ദേശീയ പതാക കോഡിന് വിരുദ്ധമാണിത്. ദേശീയ ഗാനമാണ് ആലപിക്കേണ്ടിയിരുന്നത്. എന്നാല്‍ ആശയക്കുഴപ്പമുണ്ടായപ്പോള്‍ വേദിയില്‍ ദേശീയ ഗാനം പാടുകയും വീണ്ടും പതാക ഉയര്‍ത്തുകയാണ് ചെയ്തത്. ഇത്തരത്തില്‍ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ മേരിക്കുട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും രണ്ട് ദിവസത്തിനകം അവരെ സ്ഥലം മാറ്റുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here