ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ്

നാഗ്പൂര്‍ :ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജൂണ്‍ 7 ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ചു നടക്കുന്ന ‘ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്’ എന്ന ചടങ്ങിലാണ് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത്. മുഖര്‍ജിയുടെ ഓഫീസും മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 7 ന് നാഗ്പൂരിലെത്തുന്ന മുഖര്‍ജി ജൂണ്‍ 8 ന് തിരിച്ചെത്തുമെന്നും മുഖര്‍ജിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്. സംഘടനയുടെ രണ്ടു വര്‍ഷത്തെ ട്രെയിനിംഗ് ക്യാംപ് പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കാണ് മൂന്നാം വര്‍ഷ ക്യംപിലേക്ക് പ്രവേശനമുള്ളു.

ഈ അവസാന വര്‍ഷ ക്യാംപില്‍ കൂടി പങ്കെടുത്ത് കഴിയുന്നതോടെ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകന്‍മാരായി ഇവര്‍ മാറുന്നു. രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ് പിന്നീട് ഈ വളണ്ടിയര്‍മാരുടെ ദൗത്യം. 800 ഓളം വളണ്ടിയര്‍മാരാണ് ഇത്തവണ പ്രചാരകരായി പുറത്തിറങ്ങുന്നത്. എല്ലാവരും 40 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഈ ചടങ്ങില്‍ വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്യുവാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രണബ് മുഖര്‍ജി നാഗ്പൂരിലേക്ക് യാത്ര തിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ് പ്രണബ് മുഖര്‍ജി. എന്നാല്‍ പ്രസിഡണ്ടായിരുന്ന സമയത്ത് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് കൂടിക്കാഴ്ച്ച നടത്തിയ നടപടി അന്നു തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം തങ്ങള്‍ എല്ലാ വര്‍ഷവും രാജ്യത്തെ ഉയര്‍ന്ന വ്യക്തിത്വങ്ങളെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ടെന്നും പ്രണബ് മുഖര്‍ജി തങ്ങളുടെ ക്ഷണം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here