യാത്രാവിമാനത്തില്‍ പൊട്ടിത്തെറി

മോസ്‌കോ : നിറയെ യാത്രക്കാരുമായി പറന്നിറങ്ങുന്നതിനിടെ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായത് വിമാനത്തില്‍ ആശങ്ക പരത്തി. റഷ്യയിലായിരുന്നു സംഭവം.

മോസ്‌കോയില്‍ നിന്ന് വോള്‍ഗോഗ്രാഡിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത്. എയര്‍ബസ് എ 320 വിമാനം വോള്‍ഗോഗ്രാഡ് വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോഴാണ് സംഭവം.

വിമാനം റണ്‍വേയിലൂടെ നീങ്ങവെ യാത്രക്കാരിലൊരാളുടെ ചാര്‍ജറില്‍നിന്ന് പുകയുയരുകയും പൊടുന്നെ അത് പൊട്ടിത്തെറിച്ച് കത്തുകയുമായിരുന്നു. ഇതോടെ യാത്രക്കാര്‍ ഭീതിയിലായി.

ഉടന്‍ തന്നെ യാത്രക്കാര്‍ തീയണയ്ക്കാന്‍ ശ്രമം തുടങ്ങി.ക്യാബിന്‍ ക്ര്യൂ ജീവനക്കാരിലൊരാള്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചു. അതിനിടെ യാത്രക്കാര്‍ കുപ്പിവെള്ളമുപയോഗിച്ചും തീയണച്ചു.

ഒരുമിനിട്ട് കൊണ്ടുതന്നെ തീയണയ്ക്കാന്‍ സാധിച്ചതായി യാത്രക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ ഭീതിയാഴ്ന്നതും തീയണക്കാന്‍ ശ്രമം നടത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്.

അതേസമയം ഭയപ്പെട്ട ചിലര്‍ എമര്‍ജന്‍സി വാതിലിലൂടെയാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here