കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി തേടിയെത്തിയത്.
23 വയസ്സുകാരിയായ റഷ്യന്‍ സ്വദേശിനി ഡയാനയാണ് അവിനാഷിന്റെ ജീവിത സഖിയായത്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ അവിനാഷ് രണ്ട് വര്‍ഷം മുന്‍പാണ് സ്വന്തമായി സംഗീതം ചെയ്ത് ആലപിച്ച ഒരു ഗാനം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.
ഒരു സംഗീതജ്ഞനായ ഇദ്ദേഹം നേരത്തേയും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിനാഷിന്റെ ഗാനം കേട്ട് ഇഷ്ടപ്പെട്ട ഡയാന സമൂഹ മാധ്യമത്തില്‍ കൂടി യുവാവുമായി പരിചയത്തിലായി.പിന്നീട് ഈ സംസാരം പതിയെ പതിയെ പ്രണയത്തിലേക്ക് വഴിമാറി. ഒടുവില്‍ വിവാഹം കഴിക്കുവാനുള്ള തീരുമാനത്തിലെത്തി. ഇക്കാര്യം ഇരുവീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു.
ഇതിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവിനാഷ് റഷ്യയില്‍ പോയി ഡയാനയുടെ വീട്ടുകാരോടൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡയാനയും ബന്ധുക്കളും വിവാഹത്തിനായി ഇന്ത്യയിലെത്തി. അങ്ങനെ ആഘോഷപൂര്‍വം ഭാരതീയ ആചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നു.