വിമാനദുരന്തത്തില്‍ മരണം 257

അള്‍ജീരിയ : അള്‍ജീരിയയില്‍ തകര്‍ന്നുവീണത് അഗ്നിക്കിരയായത് റഷ്യന്‍ നിര്‍മ്മിത ഇല്യൂഷന്‍ 11-76 വിമാനം. മരണസംഖ്യ 257 ആയെന്ന് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിയോടെയാണ് ദുരന്തമുണ്ടായത്. അള്‍ജീരിയന്‍ തലസ്ഥാനമായ ബൗഫാരിക്കിലെ സൈനിക വിമാനത്താവളത്തിന് സമീപമാണ് സംഭവം.

വ്യോമസേനാ വിമാനത്താവളമാണിത്. പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ സൈനികരാണുണ്ടായിരുന്നതെന്നാണ് വിവരം.

പ്രധാനമായും രണ്ട് കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. മോശം കാലാവസ്ഥയാണോ ദുരന്തത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ പരിശോധിക്കുന്നു.

അതോടൊപ്പം വിമാനത്തിന്റെ സാങ്കേതിത്തകരാറാണോ അപകടത്തിന് വഴിവെച്ചതെന്നും അന്വേഷിക്കുന്നു. സാധാരണയായി സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഇല്യൂഷന്‍ 11-76 വിമാനം.

അള്‍ജീരിയയുടെ കൈവശം ഈ വിഭാഗത്തിലുള്ള 13 വിമാനങ്ങളുണ്ട്. 4 എന്‍ജിനുകള്‍ ഉണ്ടെന്നതാണ് 1971 ല്‍ അവതരിപ്പിക്കപ്പെട്ട വിമാനത്തിന്റെ സവിശേഷതകളിലൊന്ന്. ഇതുവരെ ഈ ഇനത്തിലുള്ള 960 വിമാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യ, റഷ്യ,ഉക്രൈന്‍ എന്നിവയടക്കം 50 ഓളം രാജ്യങ്ങള്‍ ഇവ ഉപയോഗിക്കുന്നുണ്ട്. 2010 ലാണ് ഇന്ത്യ ഈ ഇനത്തിലുള്ള വിമാനങ്ങള്‍ വാങ്ങുന്നത്. 14 എണ്ണം ഇന്ത്യയുടെ കൈവശമുണ്ട്.

4 വര്‍ഷം മുന്‍പ് സമാനമായ അപകടത്തില്‍ 77 പേര്‍ അള്‍ജീരിയയില്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here