വിമാനം തകര്‍ന്നുവീണത് 6200 അടിയില്‍ നിന്ന്

മോസ്‌കോ : റഷ്യയില്‍ 71 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണത് മഞ്ഞുമൂടിയ വനത്തിന് നടുവില്‍. അപകടത്തില്‍ 71 പേരും കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് സമീപം ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അധികം വൈകാതെയാണ് വിമാനം തകര്‍ന്ന് പതിച്ചത്. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് ദുരന്തത്തിനിരയായത്. അപകടകാരണം വ്യക്തമായിട്ടില്ല.

സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വ്യോമ വാഹനമാണ് ദുരന്തത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 11. 22 നാണ് വിമാനം പറന്നുയര്‍ന്നത്. ഉറല്‍സിലെ ഓസ്‌കിലേക്കായിരുന്നു സര്‍വീസ്. യാത്ര 5 മിനിട്ട് പിന്നിട്ടപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് വിമാനം താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു.

ആകാശത്ത് നിന്ന് കത്തിയാണ് വിമാനം താഴേക്ക് പതിച്ചതെന്നാണ് അര്‍ഗുനോവോ ഗ്രാമവാസികള്‍ അറിയിച്ചു. 6200 അടി ഉയരത്തില്‍ നിന്ന് 3200 അടിയിലേക്ക് വിമാനം കുത്തനെ വീണു. ആറുവര്‍ഷം പഴക്കമുണ്ട് വിമാനത്തിന്. അതേസമയം വ്യോമ വാഹനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മഞ്ഞുമൂടിയ വനത്തിന് നടുവിലാണ് വിമാനം തകര്‍ന്ന് പതിച്ചത്.

അവശിഷ്ടങ്ങള്‍ മഞ്ഞുമൂടിയിയ നിലയിലാണ്. റഷ്യയില്‍ കുറച്ചുനാളുകളായി കനത്ത മഞ്ഞുവീഴ്ചയുണ്ട്. കാലാവസ്ഥയിലെ മാറ്റമായിരിക്കാം അപകട കാരണമെന്ന നിഗമനം നിലനില്‍ക്കുന്നു. മോസ്‌കോയില്‍ നിന്ന് ഓസ്‌കിലേക്ക് 1448 കിലോമീറ്ററാണ് ദൂരം. അതായത് രണ്ട് മണിക്കൂര്‍ 11 മിനിട്ടുകൊണ്ടാണ് വിമാനം ലക്ഷ്യസ്ഥാനത്ത് ഏത്തേണ്ടത്. എന്നാല്‍ ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായിരുന്നു.

അവസാനത്തെ സിഗ്നല്‍ പ്രകാരം വിമാനം 6200 അടി ഉയരത്തിലായിരുന്നു. ഇവിടെ നിന്ന് 3200 അടിയിലേക്ക് വീഴുകയും ചെയ്തു. അതേസമയം റഷ്യന്‍ തപാല്‍ വകുപ്പിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പോസ്റ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദുരന്തസ്ഥലത്തുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത്.

എന്നാല്‍ ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തര വിമാന കമ്പനിയാണ് സറാടോവ്. ഒരു ഉക്രേനിയന്‍ കമ്പനിയാണ് വിമാനം നിര്‍മ്മിച്ചത്. സറാടോവിനെ ആഭ്യന്തര സര്‍വീസ് നടത്തുന്നതില്‍ നിന്ന് ഒരിക്കല്‍ റഷ്യ വിലക്കിയിരുന്നു. ഫ്‌ളൈറ്റ് ക്രൂവില്‍ ഇല്ലാത്തയാളെ വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചതിനായിരുന്നു ഇത്. 2015 ലെ ഈ സംഭവത്തില്‍ സറാടോവ് അന്വേഷണവും വിലക്കും നേരിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here