പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ധന്യനിമിഷത്തിന്റെ ചൈതന്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍

ശബരിമല : മകരവിളക്കിന്റെ ചൈതന്യം മനസ്സില്‍ ആവാഹിച്ച് ഭക്തജനലക്ഷങ്ങള്‍. അയ്യപ്പസന്നിധിയിലെ ഭക്തഹൃദയങ്ങള്‍ ശരണമന്ത്രങ്ങള്‍ ആര്‍ത്തുചൊല്ലി ആ ധന്യനിമിഷത്തില്‍ അലിഞ്ഞു. കറുപ്പിന്റെ കടലായിരുന്നു ശബരിമല. സ്വാമിയേ ശരണമയ്യപ്പായെന്ന് പുരുഷാരത്തില്‍ നിന്ന് നിലയ്ക്കാത്ത മന്ത്രധ്വനി. 6.45 ഓടെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.

ശ്രീകോവിലില്‍ അപ്പോള്‍ കാനനവാസിന് ദീപാരാധനയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മൂന്നുതവണ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങളാണ് ആ അപൂര്‍വദൃശ്യത്തിന് സാക്ഷികളാകാന്‍ ശബരിമലയിലും പമ്പയിലും പരിസരങ്ങളിലും ഒത്തുകൂടിയത്.

ഉച്ചയ്ക്കായിരുന്നു മകരസംക്രമപൂജ. ഉച്ചപൂജയ്ക്ക് ശേഷം പതിനെട്ടാം പടിയിലൂടെയുള്ള ഭക്തരുടെ പ്രവേശനം നിര്‍ത്തിവെച്ചു. വൈകീട്ട് 5 ന് വീണ്ടും നടതുറന്നു. തിരുവാഭരണം ഏറ്റുവാങ്ങാന്‍ 5.10 ഓടെ ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയിലേക്ക്. മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു. വൈകാതെ തിരുവാഭരണ പേടകം വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്ത് പ്രവേശിച്ചു.

തുടര്‍ന്ന് തിരുവാഭരണവിഭൂഷിതനായ അയ്യപ്പന് ദീപാരാധന. കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രം തെളിഞ്ഞു. പിന്നെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിക്കായി നിമിഷങ്ങള്‍ എണ്ണിയുള്ള കാത്തുനില്‍പ്പ്. ഒടുവില്‍ മൂന്നുവട്ടം പ്രകാശിതമായതോടെ ഭക്തലക്ഷങ്ങളുടെ ശരണം വിളിയാല്‍ സന്നിധാനം സമാനതകളില്ലാത്ത ഭക്തിസാന്ദ്ര നിമിഷങ്ങള്‍ക്ക് വേദിയായി.

തുടര്‍ന്ന് അയ്യപ്പനെ തൊഴുത് സ്വാമിമാര്‍ മലയിറങ്ങിത്തുടങ്ങി. ഈ മാസം 17 വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ തൊഴാം. 20 ന് രാവിലെ 7 ന് രാജപ്രതിനിധിയുടെ ദര്‍ശന ശേഷം നടയടയ്ക്കും. അതോടെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് കാലയളവിന് സമാപനമാകും.

മകരവിളക്ക് ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here