തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും തൊട്ടടുത്ത് തന്നെ ഇവര്‍ക്ക് തങ്ങളുടെ ദൈവത്തെ കിട്ടി.

മുംബൈയിലെ ഒരു തെരുവില്‍ ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്കാണ് താരജാഡയില്ലാതെ സച്ചിന്‍ എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സംഭവം.

സച്ചിനെ കണ്ടതോടെ യുവാക്കള്‍ എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്ന് പോയി. ചിലര്‍ അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. തന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച യുവാവിനെ താരം തടയുകയും ചെയ്തു. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സച്ചിന്‍ മറന്നില്ല. മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ദൈവം തെരുവിലേക്ക് ഇറങ്ങിച്ചെന്ന വീഡിയോ ഷെയര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here