ഗുണ്ടയ്ക്ക് കേക്ക് മുറിച്ച് നല്‍കിയത് ഇന്‍സ്‌പെക്ടര്‍

സേലം: കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ച് നല്‍കിയത് ഇന്‍സ്‌പെക്ടര്‍. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ട പി ബിനുവിന്റെ 40ാം ജന്മദിന പാര്‍ട്ടി ചെന്നൈയിലെ അമ്പത്തൂര്‍ മലയമ്പാക്കത്തു സംഘടിപ്പിച്ച വേദിയില്‍ നിന്നു 73 ഗുണ്ടകളെ പൊലീസ് വളഞ്ഞുപിടികൂടിയത് കഴിഞ്ഞ ഏഴിനാണ്.

ഇതിന് പിന്നാലെയാണ് പൊലീസ് തന്നെ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിന് ചുക്കാന്‍ പിടിച്ച വാര്‍ത്ത പുറത്തുവരുന്നത്. കണ്ണന്‍കുറുശ്ശിയിലെ ഗുണ്ട സുശീന്ദ്രന്റെ പിറന്നാള്‍ ആഘോഷം നടത്തിയത് പൊലീസ് ഹെഡ്ക്വാര്‍ട്ടേസില്‍ വെച്ചായിരുന്നു.

സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് കണ്ണന്‍കുറുശ്ശി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കരുണാകരനെ സിറ്റി കമ്മിഷണര്‍ ശങ്കര്‍ സ്ഥലം മാറ്റി. പൊലീസ് യൂണിഫോമില്‍ ആയിരുന്നു കരുണാകരന്‍ സുശീന്ദ്രന് കേക്ക് മുറിച്ച് നല്‍കിയത്.

സുശീന്ദ്രന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയ സുശീന്ദ്രന്റെ കൂട്ടുകാരാണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.

ഇവര്‍ പിന്നീട് ഇന്‍സ്‌പെക്ടര്‍ കരുണാകരന്‍ താമസിക്കുന്നിടത്ത് എത്തുകയായിരുന്നു. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ ആഘോഷം. സുശീന്ദ്രന്റെ വായിലേക്ക് ഇന്‍സ്‌പെക്ടര്‍ കേക്ക് വച്ചുകൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് ആഘോഷം വിവാദമായത്. 

LEAVE A REPLY

Please enter your comment!
Please enter your name here